കോട്ടയം: പെട്രോൾ വില നൂറിലേക്കും ഡീസൽ വില 95ലേക്കും കുത്തനെ കത്തിക്കയറുന്പോൾ വറചട്ടിയിൽ എരിയുന്ന നിസഹായാവസ്ഥയിലാണ് തുശ്ചവരുമാനക്കാരായ ഭൂരിപക്ഷ ജനം.
പത്തുവർഷത്തിനുള്ളിൽ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 50 രൂപയുടെയും ഡീസലിന് 53 രൂപയുടെയും വർധന.
വില നിരക്ക് ഇനിയും ഉയർന്നേക്കുമെന്ന സൂചനയിലാണ് ദിവസേനയുള്ള കയറ്റം. കോവിഡും വരുമാനമാന്ദ്യവും ജീവിതം ദുസഹമാക്കുന്നതിനിടെ ദിവസക്കണക്കിൽ ഇന്ധനവില കയറുന്ന സാഹചര്യം.
കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഒരു മാസം നിർത്തിവച്ച കൊള്ള വോട്ടെണ്ണിത്തീർന്ന ആഴ്ചയിൽ തന്നെ വർധിപ്പിച്ചു സർക്കാർ ജനത്തെ കൊള്ളയടിക്കുന്നു.
ഇന്ധന നികുതി വരുമാനത്തിന്റെ പകുതിയിലേറെയും ലഭിക്കുന്ന സംസ്ഥാന സർക്കാർ ലിറ്ററിന് അഞ്ചു രൂപയുടെ നികുതി ഇളവുപോലും നൽകാതെ കൊള്ളയ്ക്കു കൂട്ടു നിൽക്കുന്ന സാഹചര്യം.
വരുമാനത്തിൽ ഗണ്യഭാഗവും ഇന്ധനത്തിന്
പതിവായി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വരുമാനത്തിന്റെ ഗണ്യഭാഗവും ഇന്ധനത്തിനു മുടക്കേണ്ടി വരുന്നു. ടാക്സി സർവീസ് മേഖലയിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കും താങ്ങാനാവുന്നതല്ല നിലവിലെ നിരക്ക് വർധന.
മീൻ വിൽക്കുന്നവർ മുതൽ പത്രം വിതരണം ചെയ്യുന്നവർ വരെയുള്ള സാധാരണ തൊഴിലാളികൾക്ക് വില വർധയുണ്ടാക്കുന്ന ആഘാതം ചില്ലറയല്ല.
2007 മുതൽ 2020 വരെ ഓരോ വർഷവും ശരാശരി മൂന്നു രൂപ മുതൽ പത്തു രൂപ വരെയാണ് വില കയറി വന്നതെങ്കിൽ ഇക്കൊല്ലം ജനുവരിക്കുശേഷം മാത്രം ലിറ്ററിന് 10 രൂപയിലേറെ വില കയറ്റി.
2021 കോവിഡ് വറുതിയുടെയും ഇന്ധനക്കൊള്ളയുടെയും വർഷമായി ജനം അനുഭവിച്ചുവരികയാണ്. 2007ൽ പെട്രോൾ 49, ഡീസൽ 34 വില നിരക്ക് വ്യത്യാസത്തിൽ നിന്നാണ് ഡീസലിനും പെട്രോളിനും വില ഏറെക്കുറെ ഒരേ നിലയിലേക്ക് ഉയർന്നിരിക്കുന്നത്.
2008ലാണ് പെട്രോൾ വില ലിറ്ററിന് 50 രൂപ കടന്നത്. അന്ന് ഡീസലിന് 35 രൂപ മാത്രമായിരുന്നു നിരക്ക്. 2015, 16 വർഷങ്ങളിൽ വിലവർധനത്തോത് കുറവായിരുന്നു. 2016ൽ പെട്രോൾ 63, ഡീസൽ 49 നിരക്കിലായിരുന്നു വില.
തുടർച്ചയായി 15 ദിവസം നിരക്ക് ഉയർത്തി ശ്വാസം വിടാൻ അനുവദിക്കാതെ ജനത്തെ ഞെരിച്ചുകൊണ്ടിരിക്കുന്നതും ഇക്കൊല്ലമാണ്. 2020ൽ പെട്രോളിന് 84 രൂപയും ഡീസലിന് 78 രൂപയുമായി വില കയറി.
അവിശ്വസനീയമായ കുതിപ്പ്
അവിടെ നിന്ന് അവിശ്വസനീയമായ കുതിപ്പാണ് ഓരോ തുള്ളി ഇന്ധനത്തിനും സർക്കാർ ഈടാക്കിവരുന്നത്. ശൗചാലനിർമാണത്തിനും ആരോഗ്യക്ഷേമപ്രവർത്തനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുന്നതെന്നാണു വിശദീകരണം.
മുൻകാലങ്ങളിലും ഇതിനേക്കാൾ വലിയ ക്ഷേമപ്രവർത്തനങ്ങൾ നടന്നിരുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന വിഹിതം നികുതിയിൽ ഇളവു നൽകി ജനങ്ങൾക്ക് ആശ്വാസം പകരുന്പോൾ കേരളത്തിൽ യാതൊരു പരിഗണനയുമില്ല.
കോവിഡ് ചികിത്സയും സൗജന്യകിറ്റും മറയാക്കിയുള്ള കൊള്ളയ്ക്ക് ഇരയാകുന്നത് സർക്കാർ വരുമാനമില്ലാത്ത തുശ്ചവരുമാനക്കാരാണ്.
മാസം 20 ലിറ്റർ ഇന്ധനം അടിക്കുന്നയാൾ സംസ്ഥാന ഖജനാവിൽ നൽകുന്ന നികുതിവരുമാനം ഒരു കിറ്റിന് സർക്കാരിന് ചെലവാകുന്നില്ലെന്ന് കണക്കുകൂട്ടാവുന്നതേയുള്ളു.
ജീവിക്കാൻ മാർഗമില്ലാതെ വലയുന്പോഴും
കോവിഡിൽ തൊഴിലും വേതനം നഷ്ടപ്പെട്ടവരും വേതനം മുടങ്ങിയവരും ജീവിക്കാൻ മാർഗമില്ലാതെ വലയുന്പോഴാണ് അടിസ്ഥാന കാരണങ്ങളൊന്നുമില്ലാതെ ഇന്ധന വില ഓരോ ദിവസവും ഉയർത്തുന്നത്.
2010ൽ ഒരു ലിറ്റർ ഡീസലിന് 36 രൂപയായിരുന്നത് 11 വർഷം പിന്നിട്ട് 2021ൽ എത്തുന്പോൾ ലിറ്ററിന് 58 രൂപയുടെ വർധന.
ദിവസം 100 ലിറ്റർ ഡീസൽ ആവശ്യമുള്ള ഒരു ബസിന് ഇന്ധന ഇനത്തിൽ മാത്രം ഒൻപതിനായിരം രൂപയ്ക്കുമേൾ ചെലവു വരുന്ന സാചര്യമാണുള്ളത്.
ഇന്ധനവിലക്കയറ്റത്തിൽ ഗതാഗതം, ടാക്സി ഉൾപ്പെടെ വിവിധ വ്യവസായങ്ങൾ നിശ്ചലമാകുകയാണ്. ഇതിനെക്കാൾ ദയനീയമാണ് വരുമാനവും തൊഴിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ സാഹചര്യം.