ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 17-ാം തവണയും വില കൂട്ടിയതിനെത്തുടർന്നു രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷട്ര, ജമ്മു കാഷ്മീർ അടക്കം ഏഴു സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പെട്രോളിനു ചരിത്രത്തിലാദ്യമായി സെഞ്ചുറി കടന്നു.
കേരളത്തിൽ അടക്കം ഇതര സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറു രൂപയിലേക്ക് അടുത്തു. ഇന്നലെ പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണു കൂട്ടിയത്.
കൊച്ചിയിൽ പെട്രോളിന് 26 പൈസയുടെയും, ഡീസലിന് 25 പൈസയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94.87 രൂപയും ഡീസല്‍ വില 90.25 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 96.47 രൂപയായപ്പോള്‍ ഡീസല്‍ വില 91.74 രൂപയായി.
കഴിഞ്ഞ ജനുവരിക്കുശേഷം മാത്രം പെട്രോളിന് 10.54 രൂപയും ഡീസലിന് 11.89 രൂപയും കൂട്ടി. ജനുവരി ഒന്നിന് 79.89 രൂപയായിരുന്ന ഡീസൽ വില ഇന്നലെ 91.78 രൂപയായി.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഇന്നലെ പെട്രോളിന് 105.52 രൂപയും ഡീസലിന് 98,32 രൂപയുമാണു വില. മധ്യപ്രദേശിലെ അനുപ്പുരിൽ പെട്രോളിന് 105.18 രൂപയും ഡീസലിന് 96.28 രൂപയും മുംബൈയിൽ യഥാക്രമം 100.72 രൂപയും 92.69 രൂപയുമാണു പുതിയ വില.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം തെരഞ്ഞെടുപ്പിനായി 18 ദിവസം തുടർച്ചയായി മരവിപ്പിച്ച ഇന്ധന വിലയാണു തെരഞ്ഞെടുപ്പു കഴിഞ്ഞ് മേയ് നാലു മുതൽ വീണ്ടും കൂട്ടിയത്.
അതതു ദിവസത്തെ ക്രൂഡ് ഓയിൽ വില നോക്കി എണ്ണക്കന്പനികളാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്ന സർക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു വോട്ടെടുപ്പിനു മുന്‍പു രണ്ടാഴ്ച തുടർച്ചയായി വിലകൾ ഒരു പൈസ പോലും കൂട്ടാതെ മരവിപ്പിച്ചത്.
ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറാണ് ഇന്നലത്തെ വില.
കേന്ദ്ര എക്സൈസ് നികുതികളും സെസും സംസ്ഥാന നികുതികളുമാണ് പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും.
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയും എക്സൈസ് നികുതി കേന്ദ്രം ഈടാക്കുന്നുണ്ട്. അധികാരത്തിലേറിയാൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കുറയ്ക്കുമെന്നും കേന്ദ്രസർക്കാരിന്റെ വീഴ്ചയാണ് ഇന്ധന വില കൂടുന്നതിനു കാരണമെന്നും 2013ൽ നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
2013ലെ ചില്ലറ വിൽപന വിലയേക്കാൾ ആറുമടങ്ങോളം വർധനയാണ് ഇന്ത്യയിലെന്നു പ്രമുഖ അന്താരാഷ്ട്ര ധനകാര്യ മാധ്യമമായ ബ്ലൂംബർഗ് ചൂണ്ടിക്കാട്ടി.
വില തുടർച്ചയായി കൂട്ടിയതോടെ ഇന്ത്യയിലെ പെട്രോളിയം വില ന്യൂയോർക്ക് നഗരത്തിലേതിനെക്കാൾ ഇരട്ടിയിലെത്തിയെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ജോർജ് കള്ളിവയലിൽ