കോഴിക്കോട്: 2023-24 സാന്പത്തിക വർഷത്തിൽ മൂന്നാം പാദ ത്തിൽ എണ്ണക്കന്പനികളുടെ ലാഭം 75,000 കോടി കടക്കുമെന്ന കണക്കുകൾ പുറത്തു വന്നിട്ടും വില കുറയ്ക്കാതെ കന്പനികളും സർക്കാരും. പെട്രോൾ ലിറ്ററിന് 10 രൂപയോളവും ഡീസലിന് അഞ്ചു രൂപയോളവും ഇപ്പോൾ എണ്ണക്കന്പനികൾക്കു ലാഭമുണ്ടെന്നാണ് കണക്ക്.
2022 മാർച്ച് ഏഴിന് സമീപകാലത്ത് ഏറ്റവും വലിയ വിലയായ 123 ഡോളർ ബാരലിന് രേഖപ്പെടുത്തിയിരുന്നു.എന്നാൽ 2023 ഡിസംബറിൽ ഇത് വെറും 73 ഡോളറായി കൂപ്പുകുത്തിയിട്ടും സർക്കാർ ഇതുവരെ വിലകുറയ്ക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല.
77. 9 ഡോളറാണ് ഇന്നത്തെ ബെന്റ് ക്രൂഡ് വില. പലവട്ടം എണ്ണക്കന്പനികളുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പു വരെ കൊള്ള തുടരാനാണ് കേന്ദ്ര നീക്കം. വരുമാന നേട്ടമുള്ളതിനാൽ സംസ്ഥാനത്തിനും വില കുറയ്ക്കുന്നതിനോട് താത്പര്യമില്ല.
വാസ്തവത്തിൽ പെട്രോളിന് ഇപ്പോൾ വെറും 47.35 രൂപ മാത്രമേ എല്ലാ ചെലവും കൂടി കൂട്ടിയാൽ ആകുന്നുള്ളൂ. പത്തു രൂപ ലാഭം കൂടി കൂട്ടിയാലും ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 57.35 രൂപ മാത്രമേ ആകുന്നുള്ളൂ.
19.90 രൂപയോളം എക്സൈസ് ഡ്യൂട്ടിയും 3.66 രൂപ ഡീലർമാർക്കുള്ള ഗതാഗത ചെലവും കമ്മീഷനും 24.93 രൂപ വാറ്റും സംസ്ഥാന സർക്കാരിന്റെ രണ്ടു രൂപ സെസും കൂടി കൂട്ടുന്പോഴാണ് 107.8 രൂപയോളം പെട്രോളിന് വില വരുന്നത്.
കഴിഞ്ഞ നവംബർ അവസാനം എണ്ണവില വൻതോതിൽ ഇടിഞ്ഞിട്ടും സർക്കാരും എണ്ണക്കന്പനികളും വില കുറയ്ക്കാൻ നടപടിയെടുത്തില്ല. ഡിസംബർ ആദ്യവാരം എണ്ണവില ബാരലിന് 73 ഡോളർ വരെയായി കൂപ്പുകുത്തിയെങ്കിലും വിലയിൽ മാറ്റം വരുത്തിയില്ല.
രണ്ടാം പാദ സാന്പത്തിക വർഷത്തെ കണക്കുകളിൽ മുൻവർഷത്തെ എണ്ണക്കന്പനികൾക്കുണ്ടായ നഷ്ടം നികന്നു എന്നു വ്യക്തമായിട്ടും സർക്കാർ മൗനം തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്പോൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി എണ്ണവിലയിൽ കുറവുവരുത്താൻ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാരിനും വില കുറയ്ക്കുന്നതിനോട് താത്പര്യമില്ല.
സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിന് എണ്ണയിൽ നിന്നു കിട്ടുന്ന നികുതിയാണ് പ്രധാന വരുമാനം. അതുകൊണ്ടുതന്നെ തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തെ കുറ്റം പറയുന്ന സിപിഎമ്മും എണ്ണവില കുറയ്ക്കാൻ ആവശ്യപ്പെടുന്നില്ല.
എസ്. റൊമേഷ്