കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുടേയും വര്‍ധനയാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89.34 രൂപയും ഡീസലിന് 83.86 രൂപയുമായി. ഗ്രാമപ്രദേശങ്ങളില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് ഉള്‍പ്പെടെ വില 90ന് മുകളിലാണ്.
ഈ വര്‍ഷം ഇതുവരെ 19 ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 10 ദിവസവും ഈ മാസം ഇതുവരെ ഒമ്പത് ദിവസവും വില വർധിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 90 രൂപ പിന്നിട്ടത്.
ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ വിമുഖത കാട്ടിയ എണ്ണ കമ്പനികള്‍ നിലവിലെ ഇന്ധനവില വര്‍ധനവിനു കാരണമായി പറയുന്നതു ക്രൂഡ് ഓയില്‍ വില വര്‍ധനവ് തന്നെയാണ്.ഇന്ധനവിലയ്ക്ക് ആനുപാതികമായി കോടിക്കണക്കിനു രൂപ നികുതിയായി ലഭിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാത്തതും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ഇന്നലെ കൊച്ചിന് റിഫൈനറിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കറുത്ത ബലൂണ്‍ കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.