ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്നു വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്.
കോവിഡ് മഹാമാരി മൂലം ജീവിതപ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകിക്കൊണ്ടാണ് ഇന്ധനവില ദിവസേന വർധിപ്പിക്കുന്നത്.കൊച്ചിയിൽ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റമനുസരിച്ചാണ് ഇവിടെയും വില മാറുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദമെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വില മാറ്റമില്ലാതെ നിന്നത് എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയില്ല.
ഇന്ത്യ മിക്കവാറും തന്നെ ലോക്ക്ഡൗണിലേക്കു നീങ്ങിയിരിക്കുന്നതിനിടെ തുടർച്ചയായി വില കൂട്ടുന്നതു കടുത്ത ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്.11 സംസ്ഥാനങ്ങൾ സന്പൂർണലോക്ക്ഡൗണിന്റെ ദുരിതങ്ങൾ നേരിടുകയാണ്.
മറ്റു പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക് ഡൗൺ നിലവിലുണ്ട്. അതിനിടയിലാണ് ഇന്ധനവിലയും കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്.
ഇന്ധനവില വർധന അവശ്യസാധനങ്ങൾ അടക്കമുള്ളവയുടെ വില വർധനയിലേക്കു നയിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോക്ക്ഡൗൺ ദുരിതങ്ങൾ ഇരട്ടിയാക്കുന്ന നടപടിയാണ് ഇപ്പോഴത്തെ വില വർധനയെന്നാണ് ആക്ഷേപം.