കൊച്ചി: പെട്രോൾ വില സെഞ്ചുറികടന്നും കുതിക്കുന്നു. തിരുവനന്തപുരത്തും കാസർഗോട്ടും പെട്രോൾ വില നൂറുകടന്നു. ശനിയാഴ്ച പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.09 രൂപയും കാസർഗോഡ് 100.16 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 95.19 രൂപയാണ്.
കൊച്ചിയിലാകട്ടെ പെട്രോള്‍ വില 98 രൂപ മറികടന്നു. 98.33 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില 93.53 രൂപ. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില.
132 ദിവസംകൊണ്ടാണു 90 രൂപയില്‍നിന്നു പെട്രോള്‍ വില നൂറിലേക്കു കുതിച്ചെത്തിയത്. കഴിഞ്ഞ 56 ദിവസത്തിനിടെ 32 തവണ വില വര്‍ധിപ്പിച്ചു. രാ ജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സാദാ പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.
പ്രീമിയം പെട്രോളിനു പിന്നാലെയാണു സാദാ പെട്രോളും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം 31നു സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പ്രമീയം പെട്രോള്‍ വില നൂറ് കടന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു ദിവസങ്ങളോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവില, ഫലം പുറത്തുവന്ന തിനു പിന്നാലെ കുതിപ്പ് ആരംഭിക്കുകയായിരുന്നു.
ക്രൂഡ് ഓയില്‍ വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെങ്കിലും ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിരുന്നില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാനും തയാറല്ല. കേന്ദ്ര നികുതി 37 ശതമാനവും സംസ്ഥാന നികുതി 23 ശതമാനവുമാണ്. ഡീലര്‍മാര്‍ക്കു ലഭിക്കുന്ന കമ്മീഷന് നാലു ശതമാനം.
റിഫൈനറിയില്‍നിന്ന് ഏകദേശം 40 രൂപയ്ക്കു ലഭിക്കുന്ന ഇന്ധനത്തിന്റെ വില നികുതികളും കമ്മീഷനും ചേരുന്നതോടെയാണു 100 കടക്കുന്നത്.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാൽ 40 രൂപയോളം കുറയുമെങ്കിലും വരുമാനം ചുരുങ്ങുമെന്നതിനാൽ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ ഇതിനെ എതിര്‍ക്കുകയാണ്.