കൊച്ചി: ക്രൂഡ് ഓയില്‍ വില ബാരലിനു നാല് ഡോളറിലധികം താഴ്ന്നിട്ടും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 73 ഡോളറില്‍നിന്ന് 68.46 ഡോളറിലേക്കാണു ക്രൂഡ് ഓയില്‍ വില ബാരലിനു കുറഞ്ഞിട്ടുള്ളത്.
ക്രൂഡ് ഓയില്‍ വില കുറയുന്നെങ്കിലും ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയും ഡീസല്‍ വില 96.47 രൂപയിലും തുടരുകയാണ്.
കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയും ഡീസല്‍ വില 94.97 രൂപയുമാണ്. കഴിഞ്ഞ ശനിയാഴചയാണ് ഇന്ധനവില അവസാനമായി വര്‍ധിച്ചത്. അന്ന് പെട്രോള്‍ വില കൂട്ടിയിരുന്നെങ്കിലും ഡീസല്‍ വില വര്ധപ്പിച്ചിരുന്നില്ല.
ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണു എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില താഴുന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് നിലവിലെ സ്ഥിതി.
ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകും സഖ്യരാജ്യങ്ങളും തീരുമാനിച്ചതോടെയാണു രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞു തുടങ്ങിയത്.