സാധാരണക്കാർ നേരിടുന്ന വലിയ പ്രശ്നമാണ് പെട്രോൾ വില വർധന. ഇടയ്ക്കിടെ ഉള്ള ഈ വർധനവ് സ്ഥിര വരുമാനക്കാരെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവരാറുണ്ട്. പ്രതിപക്ഷ പാർട്ടികൾ സമരങ്ങളും പ്രതിഷേധങ്ങളും നടത്തി പ്രതിഷേധിക്കുന്നു. എന്നാൽ വില കൂട്ടാനുള്ള കാരണങ്ങളായി നിരവധി ന്യായങ്ങളും ഭരണകർത്താക്കൾ നിരത്തുന്നു. ഈ വിലവർധനവിന് തന്നാൽ ആകുന്ന വിധത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.
ദില്ലിയിലെ തിരക്കേറിയ നഗരത്തിലെ വഴിലൂടെ ഒരു പോത്തിന്റെ പുറത്ത് ഹെൽമറ്റ് ധരിച്ചാണ് യുവാവിന്റെ യാത്ര. വീഡിയോയ്ക്ക് ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം ലൈക്ക് ലഭിച്ചു. വീഡിയോ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത്തരത്തിൽ നിരവധി വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഈ കാഴ്ച കണ്ട് റോഡിലൂടെ പോകുന്നവഴി മറ്റ് യാത്രക്കാർ ഓടിവന്ന് സെൽഫി എടുക്കുന്നുമുണ്ട്. മുയലിന്റെ ആകൃതിയിലുള്ള ഹെൽമറ്റാണ് ഇയാൾ ധരിച്ചിരിക്കുന്നത്.
അതേസമയം റോഡ് സുരക്ഷ ചൂണ്ടിക്കാട്ടി ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സർക്കാർ പെട്രോളിന്റെ വില വർധിക്കുമ്പോൾ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകൾ വന്നു.
വീഡിയോയെ അനുകൂലിച്ച് ആളുകൾ കമന്റിട്ടപ്പോൾ ചിലർ പോത്തിന്റെ പുറത്തിരുന്ന് അതിനെ ഉപദ്രവിച്ചതിനെതിരെ പ്രതിഷേധിച്ചു. മൃഗങ്ങളെ ബഹുമാനിക്കുവാനും, പുറത്ത് കയറി ഇരുന്ന് സഞ്ചരിക്കാനുള്ള മൃഗമല്ല പോത്ത് എന്നുമായിരുന്നു കമന്റുകൾ.