കൊച്ചി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധനവില വീണ്ടും ഉയർന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതു രണ്ടു രൂപയിലധികം വർധന. ഇന്നലെ മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയും വർധിച്ചു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലത്തെ വില 80.01 രൂപയും ഡീസലിന് ലിറ്ററിന് 73.37 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്നലെ 81.31 രൂപയും ഡീസൽ വില 74.59 രൂപയും.
കോഴിക്കോട്ട് പെട്രോളിന് 80.32 രൂപയും ഡീസലിന് 73.69 രൂപയുമാണ് ഇന്നലത്തെ വില. പ്രളയം ആരംഭിച്ച കഴിഞ്ഞ 15 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ നാലു ദിവസം മാത്രമാണ് ഇന്ധനവിലയിൽ മാറ്റമില്ലാതിരുന്നത്. മറ്റു ദിവസങ്ങളിൽ വർധനയല്ലാതെ ഒരു പൈസയുടെപോലും കുറവുണ്ടായില്ലെന്നതും ശ്രദ്ധേയം. ഒരിടവേളയ്ക്കുശേഷമാണ് ഇന്ധനവില ഇത്തരത്തിൽ വർധിക്കുന്നത്.
രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് ഇന്ധനവില വർധനയ്ക്കു കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ വരുംദിവസങ്ങളിലും വർധന തുടർന്നേക്കും. ഒരേ സ്ഥലത്തുള്ള വിവിധ എണ്ണക്കന്പനികളുടെ പന്പുകളിൽ ഇന്ധനവിലയിൽ നേരിയ മാറ്റമുണ്ടെന്നു മാത്രമല്ല, ഒരേ കന്പനികളുടെതന്നെ ജില്ലയിലെ വിവിധ പന്പുകളിലും ഇന്ധനവിലയിൽ മാറ്റമുണ്ട്.
കഴിഞ്ഞ 15 മുതൽ കൊച്ചിയിൽ രേഖപ്പെടുത്തിയ ശരാശരി ഇന്ധനവില
(പെട്രോൾ, ഡീസൽ ക്രമത്തിൽ)
15 79.08, 72.43
16 79.14, 72.49
17 79.14, 72.49
18 79.22, 72.58
19 79.34, 72.64
20 79.43, 72.77
21 79.52, 72.83
22 79.52, 72.83
23 79.52, 72.83
24 79.62, 72.91
25 79.62, 72.91
26 79.73, 73.06
27 79.86, 73.21
28 80.01, 73.37