രാജ്യത്ത് ഇന്ധനവില കുതിച്ചു ഉയരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 80.25 രൂപയായി ഡീസലിന് 67.10 രൂപയും. 40 മാസത്തിനിടയിലെ ഏറ്റവും ഉയർന്നവിലയാണിതെന്നാണ് റിപ്പോർട്ട്. 2014 ഒാഗസ്റ്റിലാണ് ഇതിനുമുന്പ് ഇന്ധനവില ഇത്രയുമധികം ഉയർന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവുമധികം ഇന്ധനവില ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്.
വില വർധനവിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ എടുക്കാൻ ധനകാര്യ വകുപ്പിനോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2018/19 കേന്ദ്ര ബജറ്റിൽ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാനുള്ള നിർദേശമാണ് ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിന് സമർപ്പിതച്ചിരിക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകാമെന്ന റിപ്പോർട്ടും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ബിജെപി സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 2014 നവംബർ മുതൽ 2016 ജനുവരി വരെ പതിനൊന്ന് തവണയാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്.
ഡീസലിനു കൂടിയത് 26 ശതമാനം
ഇന്ധനവിലകൾ ദിവസേന നിശ്ചയിക്കുന്ന രീതി വന്നശേഷമുള്ള ആറര മാസം കൊണ്ട് ഡീസലിനുണ്ടായ വിലവർധന 26.12 ശതമാനം. എറണാകുളത്ത് 53.33 രൂപയായിരുന്ന വില ഇപ്പോൾ 67.26 രൂപയായി. കഴിഞ്ഞ ഏഴു ദിവസംകൊണ്ടുണ്ടായ വിലവർധന 1.21 രൂപ (2.27 ശതമാനം).
പെട്രോളിനു ജൂലൈ ഒന്നിന് എറണാകുളത്ത് 63.09 രൂപയായിരുന്നു. ഇന്നലെ 74.90 രൂപ. വർധന 11.81 രൂപ അഥവാ 18.72 ശതമാനം. ഒരാഴ്ചകൊണ്ട് കൂടിയത് ഒരു രൂപ (1.59 ശതമാനം).