
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടെ പെട്രോൾ, ഡീസൽ വില ദിനംപ്രതി കൂട്ടുന്നു. തുടർച്ചയായ നാലാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിച്ചത്. ഇതോടെ നാല് ദിവസത്തിനിടെ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വർധിച്ചത്.
ആഗോള വിപണിയിൽ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതിനെത്തുടർന്നു കഴിഞ്ഞ 82 ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ദിവസവും ഇന്ധനവിലയിൽ മാറ്റം വരുത്താനുള്ള അവകാശം വീണ്ടും കമ്പനികൾക്ക് നൽകിയതോടെ വില മുകളിലേക്ക് കുതിക്കുകയാണ്. പ്രത്യേക അറിയിപ്പുകളൊന്നുമില്ലാതെ ഞായറാഴ്ച മുതലാണു ദിവസവും വില കൂട്ടിത്തുടങ്ങിയത്.
ഇന്നലെ പെട്രോൾ ലിറ്ററിന് 54 പൈസയും ഡീസലിന് 58 പൈസയും വർധിപ്പിച്ചു. ഇതിനു മുമ്പായി തിങ്കളാഴ്ച ലിറ്ററിന് 60 പൈസ വീതം കൂട്ടിയിരുന്നു. മെയ് ആറിന് എക്സൈസ് തീരുവ പെട്രോൾ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും ആയി കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചിരുന്നു.