കൊച്ചി: കുതിച്ചുകയറി ഇന്ധനവില. തുടര്‍ച്ചയായ 14-ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 51 പൈസയുടെയും ഡീസലിന് 58 പൈസയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില എണ്‍പത് രൂപയിലേക്ക് അടുക്കുകയാണ്. 79.21 രൂപയാണ് ഇന്ന് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 73 രൂപ പിന്നിട്ട് 73.70 രൂപയായി. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 80.60 രൂപയും ഡീസല്‍ വില 75 രൂപയുമായി.
ഇന്നലെ സംസ്ഥാനത്ത് പെട്രോളിന് 56 പൈസയുടെയും ഡീസലിന് 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 80 രൂപ പിന്നിട്ടിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് തുടര്‍ച്ചയായ 83 ദിവസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഏഴ് മുതലാണു ഇന്ധനവില വര്‍ധിപ്പിച്ചു തുടങ്ങിയത്.
അതിനുശേഷം ഇതുവരെ സംസ്ഥാനത്ത് പെട്രോളിന് 7.65 രൂപയുടെയും ഡീസലിന് 7.82 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 78.70 രൂപയും ഡീസല്‍ വില 73.12 രൂപയുമായിരുന്നു. തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 80.09 രൂപയും ഡീസല്‍ വില 74.43 രൂപയുമായിരുന്നു.