കോട്ടയം: ലോകവിപണിയിൽ ഇന്ധനവില കൂപ്പു കുത്തിയിട്ടും ഇന്ത്യക്കാർക്കുമാത്രം ഗുണമില്ല. വിലയിടിവിന്റെ ഗുണം ജനങ്ങൾക്കു നല്കാതെ എണ്ണക്കന്പനികൾ കൊള്ളയടിക്കുന്ന കാഴ്ചയാണ് സർക്കാരിന്റെ കൺമുന്നിൽ അരങ്ങേറുന്നത്. രാജ്യത്ത് ഇന്ധനവില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. പെട്രോളിന് 70.93 രൂപയും ഡീസലിന് 66.60 രൂപയുമാണ് കോട്ടയത്ത് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില തുടർച്ചയായി ഇടിയുന്നതിനെത്തുടർന്ന് എണ്ണക്കന്പനികൾ വില കുറച്ചത്. എന്നാൽ രാജ്യന്തര വിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കാൻ എണ്ണക്കന്പനികൾ തയാറാകുന്നില്ല. കഴിഞ്ഞ ഒക്ടോബർ 18 മുതലാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞു തുടങ്ങിയത്. അന്ന് ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 86.56 ഡോളറായിരുന്നു വില. ഇതിപ്പോൾ 53.43 ഡോളറായി.
2017 ജൂലൈയ്ക്ക് ശേഷം വില ഇത്രയും താഴുന്നത് ആദ്യമായാണ്. എന്നാൽ ഇന്ധനവിലയിൽ 20 ശതമാനം മാത്രമാണ് ഇന്ത്യയിൽ കുറവുണ്ടായിരിക്കുന്നത്. എണ്ണക്കന്പനികൾക്ക് രാജ്യത്തെ വില 38 ശതമാനം വരെ കുറയ്ക്കാമെന്നിരിക്കെയാണ് വെറും ഇരുപത് ശതാമാനം മാത്രം വില കുറച്ച് ഇന്ധന വിൽപ്പന നടത്തുന്നത്.
രാജ്യന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് ആനുപാതികമായി കുറയ്ക്കുകയാണെങ്കിൽ ഇന്ധനവിലയിൽ ഇനിയും 18 ശതമാനംവരെ കുറവാകാം. എന്നാൽ രാജ്യന്തര വിപണിയിലെ ഇപ്പോഴത്തെ വിലക്കുറവിന്റെ നേട്ടം ഉപയോക്താക്കൾക്ക് നൽകാതെ നേരിയ വിലക്കുറവ് മാത്രം നൽകിക്കൊണ്ട് ഉപയോക്താക്കളുടെ കണ്ണിൽ പൊടിയിടുന്ന നയമാണ് എണ്ണക്കന്പനികൾ സ്വീകരിക്കുന്നത്.