കോഴിക്കോട്: ആഗോളവിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. നിലവിലെ സാഹചര്യം തുടർന്നാൽ ഉടൻതന്നെ കേന്ദ്രസർക്കാർ എണ്ണവിലയിൽ കുറവ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കുറവുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ആഗോളവിപണിയിൽ എണ്ണവിലയിൽ വൻ ഇടിവുണ്ടായെങ്കിലും രൂപയുടെ മൂല്യത്തിൽ അടുത്തിടെ ഉണ്ടായ ഇടിവ് വിലയിൽ വലിയ കുറവു വരുത്തുന്നതിന് തടസമായേക്കും.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനുവരിയോടെ പെട്രോളിന് 100 രൂപയിൽ താഴെയായി ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണുള്ളത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ പാചകവാതകത്തിന് കേന്ദ്രം വില കുറച്ചിരുന്നു.
ആറു മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിപ്പോൾ ക്രൂഡ് ഓയിലിന്. 74.30 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.
2022 മാർച്ചിൽ ഒരു ബാരൽ എണ്ണയ്ക്ക് 117ഡോളറും 2022 ജൂണിൽ 122.71 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില.
ഓപ്പെക്ക് രാജ്യങ്ങൾ പ്രതിദിന ഉത്പാദനത്തിൽ നിന്ന് 22 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപനം വന്നിട്ടും എണ്ണവില ഇടിയുന്നത് തുടരുകയാണ്.
എസ്. റൊമേഷ്