സ്വന്തം ലേഖകൻ
തിരുവില്വാമല: പതിമൂന്നു പൈസ വളരെ നിസാര തുകയാണെന്ന് തോന്നാം. എന്നാൽ ഇന്ധനവില ദിവസവും പത്തു പൈസയും പതിനൊന്ന് പൈസയും പന്ത്രണ്ടു പൈസയുമൊക്കെയായി കയറുന്പോൾ പതിമൂന്ന് പൈസ ചില്ലറക്കാര്യമല്ലെന്നും പതിമൂന്നു പൈസ അങ്ങിനെ വിട്ടുകളയാൻ പറ്റില്ലെന്നും പെട്രോളടിക്കുന്ന ഒരു വണ്ടിയുടമയുടെ എഫ്.ബി പോസ്റ്റ് വൈറലായി.
വിലക്കൂടുതലുണ്ടെങ്കിലും പെട്രോളടിക്കാതിരിക്കാനാവില്ലെന്നതിനാൽ നുള്ളിപ്പെറുക്കി 200 രൂപയ്ക്ക് പെട്രോളടിക്കാനെത്തിയ തിരുവില്വാമല സ്വദേശിയാണ് പന്പിലെ പിഴിയലിനെക്കുറിച്ച് എഫ്.ബി പോസ്റ്റിട്ടത്.
99 രൂപ 87 പൈസയാണ് പെട്രോൾ ലിറ്ററിന് വില. പന്പുകാർ നൂറു രൂപ എന്ന കണക്കിലാണ് പെട്രോളടിക്കുന്ന മീറ്റർ സെറ്റു ചെയ്തിരിക്കുന്നത്. അതായത് ലിറ്ററിന് 13 പൈസ പന്പുകാർക്ക് ലാഭം.
ഫെയ്സ്ബുക്കിൽ പ്രതികരിച്ച വ്യക്തി രണ്ടു ലിറ്റർ പെട്രോളടിച്ചപ്പോൾ പന്പുകാർക്ക് ലാഭം 26 പൈസയുടെ പെട്രോൾ.ദിവസവും ഇത്തരത്തിൽ ലിറ്റർ കണക്കിന് പെട്രോളടിച്ചു പോകുന്പോൾ പന്പുകാർക്ക് അത്യാവശ്യം നല്ല ലാഭമുണ്ടാകുമെന്ന് തിരുവില്വാമല സ്വദേശിയായ രാധാകൃഷ്ണൻ തന്റെ ഫെയ്സ്ബുക്കിലൂടെ പറയുന്നു.
സർക്കാരിന് പുറമെ പന്പുകാരുടെ പിഴിയിൽ കൂടി സഹിക്കണോ എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പലയിടത്തും ഇതുപോലെ പത്തും പന്ത്രണ്ടും പൈസ പന്പുകാർ ലാഭിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ ശ്രദ്ധിക്കാറില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പതിമൂന്നു പൈസയ്ക്ക് പെട്രോളടിക്കാൻ കഴിയില്ലെന്നായിരിക്കും പന്പുകാരുടെ വാദം. എന്നാൽ നികുതികൾ പലതും കൊടുത്ത് വലിയ വിലയ്ക്ക് പെട്രോളടിക്കുന്പോൾ പന്പു നികുതി കൂടി കൊടുക്കണോ എന്നാണ് ഈ എഫ്ബി പോസ്റ്റിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.