ജനങ്ങള്‍ പലവിധത്തിലും പ്രതിഷേധം തുടരുമ്പോഴും അതൊന്നും വകവയ്ക്കാതെ ഇന്ധന വില വീണ്ടും മുകളിലേയ്ക്ക് തന്നെ. വെള്ളിയാഴ്ച പെട്രോളിന് 38 പൈസയും ഡീസലിന് 23 പൈസയുമാണു സംസ്ഥാനത്തു കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 82 രൂപയായി, ഡീസലിന് 74.60 രൂപ. കൊച്ചിയില്‍ യഥാക്രമം 80.79, 73.46; കോഴിക്കോട് 81.58, 74.21 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. ജനജീവിതം തകര്‍ത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല. സംസ്ഥാനങ്ങള്‍ സഹകരിക്കാതെ പ്രശ്നം മറികടക്കാന്‍ കഴിയില്ലെന്നാണു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് പറയുന്നത്.