എറണാകുളം: ഇന്ധനവില വർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്നും ചില ദിവസങ്ങളിൽ വില കൂടുമെന്നും ചില ദിവസങ്ങളിൽ കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ധനവില വർധനവിനു പ്രധാന കാരണം യുപിഎ സർക്കാരാണ്. ഇന്ധനവില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽനിന്ന് എടുത്തുകളഞ്ഞതു കോണ്‍ഗ്രസാണ്.
ആ തീരുമാനം എളുപ്പത്തിൽ തിരുത്താൻ കഴിയില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പെട്രോളിന് 87 രൂപ വരെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇന്ധന വിലവർധനവിനെതിരെ താൻ വണ്ടിയുന്തി പ്രതിഷേധിച്ചതു പ്രതിപക്ഷത്തിരിക്കുന്പോഴാണ്. ഇപ്പോൾ വണ്ടിയുന്താൻ വേറെ ആളുകളുണ്ട്. ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ല. ജനക്ഷേമ പ്രവർത്തനങ്ങളാണു തങ്ങളുടെ ലക്ഷ്യമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
ഇന്ധനവില ചില ദിവസങ്ങളിൽ കൂടും, ചില ദിവസങ്ങളിൽ കുറയും. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല.
തെരഞ്ഞെടുപ്പിനെ ഇതൊന്നും സ്വാധീനിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുന്പോഴും ഭരണത്തിലിരിക്കുന്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.