കൊച്ചി: തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വർധന. രണ്ടുദിവസത്തിനിടെമാത്രം പെട്രോൾ വിലയിൽ 14 മുതൽ 17 പൈസയുടെയും ഡീസലിന് 24 മുതൽ 30 പൈസയുടെയും വർധനവാണു രേഖപ്പെടുത്തിയത്. കൊച്ചിയിൽ പെട്രോളിന് 73.04 രൂപയും ഡീസലിന് 69.67 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 74.37 രൂപയും ഡീസലിന് 71.11 രൂപയുമായപ്പോൾ കോഴിക്കോട് പെട്രോൾ വില 73.31 രൂപയും ഡീസലിന് 70.13 രൂപയുമാണ്. ഇന്ധനവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ച കഴിഞ്ഞ ഞായറാഴ്ചത്തെ വിലയിൽനിന്നുമാണ് രണ്ടുദിവസത്തിനിടെ ഇന്ധന വില വർധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ പെട്രോൾ വില 71.03 രൂപയായിരുന്നെങ്കിൽ ഇന്നത്തെ വില 71.17 രൂപയാണ്. ഡീസൽ വിലയാകട്ടെ 65.96 രൂപയിൽനിന്നും 66.20 രൂപയായി.
കൊൽക്കത്തയിൽ ഡീസൽ വില 67.71 രൂപയിൽനിന്നും 67.96 രൂപയായപ്പോൾ പെട്രോൾ വില 73.11 രൂപയിൽനിന്നും 73.24 രൂപയായി ഉയർന്നു. മുംബൈയിൽ കഴിഞ്ഞ ഞായറാഴ്ച പെട്രോൾ വില 76.64 രൂപയായിരുന്നെങ്കിൽ ഇന്നത്തെ വില 76.78 രൂപയാണ്. ഡീസൽ വില 69.11 ൽനിന്നും 69.36 രൂപയുമായി ഉയർന്നു.
തിങ്കളാഴ്ച പെട്രോളിന് എട്ട് മുതൽ 10 പൈസയുടെയും ഡീസലിന് ആറ് മുതൽ ഏഴ് പൈസയുടെയും വർധനവുണ്ടായപ്പോൾ ചൊവ്വാഴ്ച പെട്രോളിന് ആറ് മുതൽ ഏഴ് പൈസയും ഡീസലിന് ഒൻപത് മുതൽ പത്ത് പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.