തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ് വില.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 81.85 രൂപയും ഡീസലിന് 75.72 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 82.21 രൂപയും ഡീസലിന് 76.07 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 82.16 രൂപയും ഡീസലിന് 76.01 രൂപയുമാണ് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 87.38 രൂപയും ഡീസലിന് 76.50 രൂപയുമാണ് വില.
ഈ മാസം സംസ്ഥാനത്ത് പെട്രോളിന് 1.51 രൂപയും ഡീസലിന് 1.96 രൂപയുമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാൻ കാരണമാകുന്നത്.
അതേസമയം പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാവും ബന്ദ്. പ്രളയബാധിത പ്രദേശങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.