കോട്ടയം: അന്താരാഷ്ട്രവില തുടർച്ചയായി കുറഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണക്കന്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ നോക്കുകുത്തിയായി നില്ക്കുന്നു. ഇത്തരം വിഷയങ്ങളിൽ യാതൊരു പ്രതികരണവും നടത്താതെ ബിജെപി ഉൾപ്പെടെയുള്ള ഭരണകക്ഷികൾ മറ്റു വൈകാരിക പ്രശ്നങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്.
ലോകവിപണിയിൽ ക്രൂഡ്ഓയിൽ വില കുത്തനേ താണു. ഇന്ത്യയിൽ ഇന്ധനവില താണത് നിസാര തോതിൽ. ഒക്ടോബർ തുടക്കത്തിലെ വിലയിൽനിന്ന് 29 ശതമാനം താഴെയെത്തി ബ്രെന്റ് ഇനം ക്രൂഡ്ഓയിൽ വില. ചൊവ്വാഴ്ച രാത്രി ഒരു വീപ്പ ബ്രെന്റിന്റെ വില 61 ഡോളർവരെ താണിരുന്നു. ഇന്നലെ വില അല്പം ഉയർന്ന് 63.52 ഡോളറിലാണ്. ഒക്ടോബർ ആദ്യം 80 ഡോളറിനു മുകളിലെത്തിയതാണ് ക്രൂഡ് വില.
അതേസമയം, ഇന്ത്യയിലെ ഇന്ധനവില സാവധാനമാണു താഴുന്നത്. ഒക്ടോബർ അഞ്ചിനു ലോകവിപണിയിലെ വിലക്കയറ്റം നിലച്ചതാണ്. പിന്നീട് താഴുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒക്ടോബർ 17 വരെ ദിവസവും വില കൂട്ടി. പിന്നീടാണു കുറയ്ക്കാൻ തുടങ്ങിയത്.
കോട്ടയത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 85.64 രൂപയിൽനിന്ന് ഇന്നലെ 78.67 രൂപയിലേക്കു താണു. ഒരുമാസംകൊണ്ട് കുറഞ്ഞത് 6.97 രൂപ അഥവാ 8.14 ശതമാനം. ഡീസൽ വിലയിൽ ഇതേ സമയത്തുണ്ടായ കുറവ് അഞ്ചുരൂപ മൂന്നു പൈസ. 6.25 ശതമാനം കുറവ്. ഇന്നലെ ഡീസൽ ലിറ്ററിന് 75.47 രൂപയായിരുന്നു.