കോട്ടയം: ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചു വൻകിട കോർപറേറ്റുകളെ സഹായിക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും സംസ്ഥാന സർക്കാർ വിൽപനനികുതിയും സെസും കുറയ്ക്കുകയും ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ അടിയന്തരമായി ചെയ്തില്ലെങ്കിൽ ജി ഫോം നല്കി ബസ് സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ബസുകളുടെ പെർമിറ്റ് 20 വർഷമാക്കണമെന്നും യാത്രാ സൗജന്യങ്ങൾ നിർത്തലാക്കുകയും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഡീസലിന്റെ നികുതി കുറയ്ക്കാൻ തയാറല്ലെങ്കിൽ സ്വകാര്യബസുകൾക്ക് ഡീസൽ സബ്സിഡി അനുവദിക്കണം. അടുത്തയാഴ്ച തിരുവനന്തപുരത്തു ചേരുന്ന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയോഗം പ്രത്യക്ഷ സമരപരിപാടികൾക്കു രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഡീസൽ വില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ജി ഫോം കൊടുത്തു ബസ് സർവീസുകൾ നിർത്തിവയ്ക്കുവാൻ ബസുടമകൾ നിബന്ധിതരാവുകയാണ്. ഡീസൽവില പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലാണ്.
മാർച്ച് ഒന്നിനു ബസ് ചാർജ് വർധിക്കുന്പോൾ ഡീസൽ വില 64 രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ 79 രൂപയിലെത്തിയിരിക്കുകയാണ്. ദിവസം 80 ലിറ്റർ ഡീസലടിക്കുന്ന ഒരു ബസിന് ഇപ്രകാരം 1,200 രൂപയിലേറെ വർധനവാണ് നേരിട്ടത്.
2016 ഫെബ്രുവരിയിൽ 48 രൂപയായിരുന്നു ഡീസൽവില. അന്ന് പ്രതിദിനം 3,840 രൂപയായിരുന്നു ഡീസലിനത്തിൽ ചെലവിട്ടിരുന്നതെങ്കിൽ രണ്ടുവർഷത്തിനുശേഷം ഇത് 6,320 രൂപയായി വരുമാനം കുറയുകയും ചെയ്തതോടെ വ്യവസായം പ്രതിസന്ധിയിലാണ്. കേന്ദ്രസർക്കാർ അധികാരമേറ്റപ്പോർ ഡിസലിന് 3.46 രൂപയും പെട്രോളിന് 9.20 രൂപയുമായിരുന്നു എക്സൈസ് തീരുവ. ഇപ്പോൾ ഇത് യഥാക്രമം 15.33 രൂപയും 19.48 രൂപയുമാണ്.
നാലുവർഷത്തിനിടെ 10തവണ എക്സൈസ് തീരുവ വർധിപ്പിച്ചു. നികുതി കുറയ്ക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വില 140 ഡോളറിൽ എത്തിയപ്പോൾ ഇന്ധനവില പിടിച്ചു നിർത്തുന്നതിനു മുന്പ് ഡീസലിന് 12 രൂപയും പെട്രോളിന് ഒന്പതു രൂപയും സബ്സിഡി അനുവദിച്ചിരുന്നു. ഇപ്പോഴത്തെ സർക്കാർ സബ്സിഡി പൂർണമായി എടുത്തുകളഞ്ഞെന്ന് മാത്രമല്ല,
പലതവണ വർധിപ്പിക്കുകയും ചെയ്തു. പത്രസമ്മേളനത്തിൽ ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറാർ ഹംസ എരിക്കുന്നൻ, ജോയിന്റെ സെക്രട്ടറി ടി.കെ. ജയരാജ്, ടി.ജെ. ജോസഫ്, കോട്ടയം ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.