തൃശൂർ: പെട്രോൾ, ഡീസൽ വില വർധനയിൽ നേരിയ വ്യത്യാസമുണ്ടായാൽ പോലും പ്രതികരിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളുമൊക്കെ പത്തിമടക്കി മാളത്തിലൊളിച്ചു. ഇന്ധന വിലയിൽ വൻ വർധനവ് വരുത്തിയിട്ടും ആരും പ്രതികരിക്കാതായി. ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതികരണം പോലും ഇല്ലാതാക്കിയാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഓയിൽ കന്പനികൾ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഇന്നു പെട്രോൾ ലിറ്ററിന് 81.01 രൂപയാണ് വില. ഇന്നലെ 80.04 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. ഡീസലിന്റെ വിലയും കുതിക്കുകയാണ്. ഇന്നലെ 73.32 രൂപയുണ്ടായിരുന്ന ഡീസലിന് ഇന്ന് 74.49 രൂപയാണ് വില.
ദിനംപ്രതി ഇന്ധനവില കുതിച്ചുയർന്നിട്ടും ആരും പ്രതിഷേധിക്കാനില്ലാത്തതിനാൽ കൂടുതൽ തുക ഉയർത്താൻ തന്നെയാണ് തീരുമാനം.
എല്ലാ ദിവസവും വില കൂട്ടുന്നതിനാൽ പ്രതിഷേധം ശക്തമാകില്ലെന്ന് കേന്ദ്രസർക്കാരിന്റെ കണ്ടെത്തലാണ് വില ഇടയ്ക്കിടെ കൂട്ടാതെ ദിവസവും കൂട്ടിക്കൊണ്ടിരിക്കുന്നതത്രേ. ഡീസൽ വില കൂടുന്നതിനനുസരിച്ച് ലോറി വാടകയിലും മാറ്റങ്ങൾ വരുത്തി തുടങ്ങി. ഒൗദ്യോഗികമായി അല്ലാതെ തന്നെ ലോറിക്കാർ വാടകയിൽ കൂടുതൽ വാങ്ങിക്കുന്നുണ്ടെന്നാണ് പറയുന്നത്.
ടാക്സിക്കാരും ഓട്ടോറിക്ഷക്കാരും ബസുടമകളും ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി കഴിഞ്ഞു. ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാന സർക്കാരും മിണ്ടുന്നില്ല. ഇന്ധന ചാർജ് കൂട്ടുന്നതിനനുസരിച്ച് സംസ്ഥാന സർക്കാരിനും നികുതി കൂടുതൽ കിട്ടുന്നതിനാലാണ് പ്രതികരിക്കാത്തത്.