അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.ഇന്ന് അർധരാത്രി മുതലാണ് വിലവർധന നടപ്പിലാവുക. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. എല്ലാ വിഭാഗങ്ങളിലും കാര്യമായ വർധനയാണ് ഇക്കുറിയുള്ളത്.
അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകൾ പ്രാദേശിക ഇന്ധന വില നിർണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.
മാർച്ചിലെ പുതിയ വില പ്രകാരം സൂപ്പർ-98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും. ഫെബ്രുവരി മാസത്തിൽ യുഎഇയിൽ സൂപ്പർ-98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില.
സ്പെഷൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം ഇത് 2.76 ദിർഹമായിരുന്നു. ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്റെ വില 2.69 ദിർഹത്തിൽനിന്ന് 2.85 ദിർഹമാക്കി. ഡീസൽ വില ലിറ്ററിന് 2.99 ദിർഹത്തിൽനിന്ന് 3.16 ദിർഹക്കിയാണ് പുതുക്കിയിരിക്കുന്നത്.