കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സർവകാല റിക്കാർഡിലേക്ക് കുതിക്കുന്നു. പെട്രോളിനൊപ്പം ഡീസലിനും ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് ഒന്നര രൂപയുടെയും ഡീസലിന് രണ്ടര രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 73.86 രൂപയും ഡീസലിന് 65.95 രൂപയുമാണ് ഇന്നത്തെ വില. ആദ്യമായാണ് ഡീസലിന് ഇത്രയും വിലവർധനവുണ്ടാകുന്നത്.
ഈമാസം ഒന്നിന് കൊച്ചിയിൽ പെട്രോളിന് 72.74 രൂപയും ഡീസലിന് 63.90 രൂപയുമായിരുന്നു വില. ഇന്ധന വർധനവ് മൂലം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ദിനം പ്രതിയുള്ള ഇന്ധനവിലവർധവിന് കാരണമാകുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇതിനിടെ ഏതാനും ദിവസങ്ങളിലായി രണ്ടു രൂപയോളം കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനിടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി ബെൽരാജ് രാഷ്ട്രദീപികയോടു പറഞ്ഞു.
ക്രൂഡ് ഓയിൽ വില ഇനിയും വർധിക്കുകയാണെങ്കിൽ ഡീസലിന്റെ വില പെട്രോളിനൊപ്പമോ അതിനും മുകളിലേക്കോ എത്തുമെന്നാണ് സൂചന. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരികയാണെങ്കിൽ വിലവർധനവ് നിയന്ത്രിക്കനാവുമെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ 54 ശതമാനം നികുതിയാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നും ലഭിക്കുന്നത്.
ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരികയാണെങ്കിൽ ഇത് 28 ശതമാനമാക്കി കുറക്കാനാവും. ഇതോടെ ഇന്ധനവിലയിൽ വലിയതോതിൽ കുറവ് സംഭവിക്കും. എന്നാൽ ഇതിന് സർക്കാർ തയ്യാറാവുന്നില്ല. ഒരു സംഘടനകളോ, പ്രസ്ഥാനങ്ങളോ ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്നുമില്ലെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ശബരീനാഥ് പറയുന്നു.