ചെന്നൈ: കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളിൽ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ തീരുമാനം. മേയ് 14 മുതല്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂറും അടച്ചിടും. ഇന്ധനക്ഷാമം മറികടക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്ന്നാണിത്.
കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണു തീരുമാനം. കേരളത്തിനു പുറമേ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണു പുതിയ തീരുമാനം നിലവില്‍ വരുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപയോഗം കുറയ്ക്കുക എന്ന മന് കീ ബാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഈ നീക്കത്തിനു പ്രേരണയായതെന്ന് പമ്പുടമകള്‍ വ്യക്തമാക്കുന്നു.