കോട്ടയം: കറുകച്ചാലിൽ പെട്രോൾ പന്പ് ജീവനക്കാരനെ ഹെൽമറ്റുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ കോട്ടയം സ്വദേശികളാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് കറുകച്ചാൽ പോലീസ് പറയുന്നത്. ആറു പേരാണ് പെട്രോൾ പന്പ് ജീവനക്കാരനെ മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ മുഖവും നെറ്റിയും പൊട്ടി പരിക്കേറ്റ കറുകച്ചാൽ കവലയിലെ ഇന്ദ്രനീലം ഫ്യൂവൽസിലെ ജീവനക്കാരൻ വെള്ളാവൂർ സ്വദേശി അനിൽകുമാർ (28) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് ആക്രമണം നടത്തിയത്.
സമീപത്തെ ബാറിൽ നിന്ന് സ്കൂട്ടറിൽ എത്തിയ യുവാവ് പെട്രോൾ അടിച്ച ശേഷം സ്കൂട്ടർ മറ്റു വാഹനങ്ങൾ വരുന്ന വഴിയിൽ വച്ചു. ഇത് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. യുവാവും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്നാണ് പെട്രോൾ പന്പ് ജീവനക്കാരനെ ആക്രമിച്ചത്.
അതേ സമയം പെട്രോൾ പന്പ് ജീവനക്കാർക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെ കറുകച്ചാലിലെ പെട്രോൾ പന്പുകൾ അടിച്ചിട്ടു. കുറ്റക്കാരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലൂക്ക് തോമസ് , സെക്രട്ടറി ജേക്കബ് ചാക്കോ, ട്രഷറർ ജോണി തോമസ് എന്നിവർ ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാ സഹായവും നല്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിയെ ഉടൻ കാണുമെന്ന് ജില്ലാ പ്രസിഡന്റ് ലൂക്ക് തോമസ് അറിയിച്ചു.