പി.കെ.സജീവ്
മാഹി: രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തു പരീക്ഷ ഏർപ്പെടുത്തുന്നു. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സർക്കാർ പരീക്ഷ നടത്തുന്നത്. നിലവിൽ പമ്പുകളിലുള്ള ജീവനക്കാർ വരുന്ന സെപ്റ്റംബർ മാസം പരീക്ഷ എഴുതേണ്ടി വരും.
ഇതിൽ പാസാകുന്ന ജീവനക്കാർക്ക് കേന്ദ്ര സർക്കാർ 500 രൂപ ശമ്പളത്തിൽ വർദ്ധന വരുത്തുവാനാണ് ആലോചന. പരീക്ഷയിൽ തോൽക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയിൽ ജോലി തേടി പമ്പുകളിൽ എത്തുന്നവർ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന.
എഴുത്തുപരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാർ ആശങ്കയിലുമായിരിക്കുകയാണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് മാഹിയിലേയും കേരളത്തിലെയും പന്പുകളിൽ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്ക് കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് മിനിമം വേതനം 9500 ൽ നിന്ന് 12,221 രൂപയാക്കി ഉയർത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോൾ പമ്പുകളുടെ നിലവാരം ഉയർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്