കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിന് രണ്ടു സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഉൗർജിതമാക്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി, പാന്പാടി സിഐ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്.
സ്ക്വാഡിൽ സിഐ, എസ്ഐമാർ എന്നിവരുൾപ്പെടെ 12 പേരാണുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. പ്രതികൾ പോയത് മൂന്നാറിലേക്കാണെന്ന വിവരം വച്ച് അവിടെ അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും കിട്ടാതെ അന്വേഷണ സംഘം മടങ്ങി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിക്ക് പാന്പാടി വട്ടമലപടിയിൽ പ്രവർത്തിക്കുന്ന ലൂക്ക് തോമസിന്റെ ഉടമസ്ഥതയിലുള്ള ഐഒസി പന്പിലെ ജീവനക്കാരനെ ആക്രമിച്ച് ഓഫീസിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നുവെന്നാണ് കേസ്. സംഭവത്തിനു ശേഷം ഓട്ടോറിക്ഷയിൽ കോട്ടയം കെഎസ്ആർടിസി ഭാഗത്തെത്തിയ പ്രതികൾ അവിടെ നിന്ന് ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പെട്രോൾ പന്പിൽ ആക്രമണം നടത്തിയത് മൂന്നംഗ കവർച്ചാ സംഘമാണ്. ഒരാൾ ഈ സമയം കോട്ടയത്തായിരുന്നു. സംഭവത്തിനു ശേഷം കോട്ടയത്തുണ്ടായിരുന്നയാൾ ഓട്ടോറിക്ഷയുമായി പാന്പാടിയിൽ എത്തി അവിടെ നിന്ന് പ്രതികളുമായി കോട്ടയത്തേക്കു വന്നു. പോലീസിനു മുന്നിലൂടെ പാവത്താൻമാരായി എത്തിയ പ്രതികളുടെ ഫോട്ടോ പോലീസ് എടുത്തു. ദേഹ പരിശോധന നടത്തിയെന്നാണ് പറയുന്നത്.
അപ്പോൾ പണമൊന്നും കൈവശമില്ലായിരുന്നുവെന്നും പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ദേഹ പരിശോധന നടത്തിയിരുന്നുവെങ്കിൽ മോഷ്ടിച്ച ഒന്നര ലക്ഷം രൂപ കാണേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ പിടിക്കപ്പെടുമായിരുന്നു. അപ്പോൾ പരിശോധന നടന്നു കാണാനിടയില്ല എന്നു തന്നെയാണ് നിഗമനം. ു