കണ്ണൂര്‍: 300 രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ വാഹന ഉടമയ്ക്ക ലഭിച്ചത് ഒരു ലിറ്റര്‍ പെട്രോള്‍ മാത്രം. വെള്ളിയാഴ്ച വൈകുന്നേരം കളക്ടറേറ്റിനു മുൻ വശത്തുള്ള പെട്രോള്‍ പമ്പില്‍ വച്ച് പെട്രോള്‍ അടിക്കാനെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി പി.പി. സലീമാണ് കബളിപ്പിക്കപ്പെട്ടത്.
പെട്രോൾ അടിക്കുന്പോൾ സംശയം തോന്നിയ സലിം ഇക്കാര്യം പറഞ്ഞപ്പോൾ പന്പ് ജീവനക്കാർ തട്ടിക്കയറുകയായിരുന്നു. സംശയം തീർക്കാനായി ടാങ്കിൽനിന്ന് പെട്രോൾ കുപ്പിയിലേക്ക് ഊറ്റിയെടുത്തപ്പോൾ ഒരു ലിറ്ററിൽ അൽപ്പം കൂടുതൽ മാത്രമാണ് ലഭിച്ചത്.
സലീമിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ മെഹ്സിന ഇതെല്ലാം തെളിവിനായി ഫോണിലെ വീഡിയോയിൽ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായിരിക്കുകയാണ്. സലീം ലീഗല്‍ മെട്രോളജി വിഭാഗത്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ ജില്ലാഓഫീസറുടെ നേതൃത്വത്തില്‍ സംഘം പമ്പില്‍ പരിശോധന നടത്തി. പന്പിൽ തകരാറായ മെഷീനാണ് ഉപയോഗിച്ചു പോന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പമ്പിലെ രണ്ട് മെഷീനുകൾ അധികൃതർ സീൽ ചെയ്തു.