പയ്യന്നൂര്‍: പെട്രോള്‍ പമ്പിലെ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ തൃക്കരിപ്പൂര്‍ സ്വദേശിയെയാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പരാതിക്കാസ്പദമായ സംഭവം.മദ്യപിച്ച് ബസിന് എണ്ണയടിക്കാനെത്തിയ ഡ്രൈവര്‍ ജീവനക്കാരിയെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞുവെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു 35 കാരിയായ ജീവനക്കാരി അന്നുതന്നെ പോലീസിന് നല്കിയ പരാതി.
തിങ്കളാഴ്ച സ്റ്റേഷനിലെത്തിയ യുവതി വീണ്ടും പരാതിയാവര്ത്തിച്ചിട്ടും പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടി പോലീസിലേല്പ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസ് പെട്രോള്‍ പമ്പിലെത്തി നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് മദ്യപിച്ച് ശല്യം ചെയ്തതിനെതിരെ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടക്കുകയായിരുന്നു.
അതേ സമയം പെട്രോള്‍ പമ്പിലെ സ്ത്രീ തൊഴിലാളിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഫ്യൂവല്‍ എംപ്ലോയീസ് യൂണിയന്(സിഐടിയു)രംഗത്തെത്തി. പെട്രോള്‍ പമ്പ് ഓഫീസ് മുറിയില്‍ കയറി അശ്ലീല ഭാഷയില്‍ തെറി വിളിക്കുകയും യുവതിയെ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്നതായും യൂണിയന് അറിയിച്ചു.