കൊച്ചി: പെട്രോൾ പന്പ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ പിടികൂടിയ പ്രതികളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ്. ആലപ്പുഴയിൽനിന്ന് പാലാരിവട്ടം പോലീസ് പിടികൂടിയ ചേർത്തല മായിത്തറ കീഴ്മംഗലത്ത് ഷാനു സുരേഷ് (47), കണിച്ചുകുളങ്ങര ദൈവത്തുശേരി വിഷ്ണു (23) എന്നിവർക്കെതിരേയാണു വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ളത്.
അർത്തുങ്കൽ, മാരാരിക്കുളം, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ധനം നിറയ്ക്കാനെന്ന വ്യാജേന പന്പിൽ ബൈക്കിലെത്തുന്ന പ്രതികൾ ബാഗ് കൈവശമുള്ള ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് പിടിച്ചു പറിക്കുന്നതാണ് രീതി.
പ്രതികൾ കൊടകര, ആലുവ, വയലാർ എന്നിവിടങ്ങളിലെ പെട്രോൾ പന്പുകളിൽ സമാനമായ രീതിയിൽ പിടിച്ചുപറി നടത്തിയിട്ടുണ്ട്. ന്യൂജനറേഷൻ ബൈക്കിലാണു പ്രതികൾ എത്തുക. മേയ് മാസത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല.
തുടർന്ന് എറണാകുളം എസിപി കെ. ലാൽജിയുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ആറു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളെ പിടികൂടാനായത്. പാലാരിവട്ടം എസ്ഐ എസ്. സനൽ, സീനിയർ സിപിഒ ശ്രീജി, സിപിഒമാരായ മാഹിൻ, പി.ബി. അനീഷ്, ടി.ആർ. രതീഷ്, രാജേഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.