കൊല്ലം: സംസ്ഥാനത്ത് പുതിയ പെട്രോൾ പന്പുകൾക്ക് അനുമതി നൽകുന്നതിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നതായി ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. പുതിയ പന്പുകൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിപത്രമായി ജില്ലാ കളക്ടറിൽ നിന്ന് എൻഒസി ആവശ്യമാണ്. ഓയിൽ കന്പനികൾ നൽകുന്ന അപേക്ഷയുടെയും പ്ലാനിന്റെയും അടിസ്ഥാനത്തിലാണ് എൻഒസി നൽകുന്നത്.
ബന്ധപ്പെട്ട് ഏഴ് ഡിപ്പാർട്ടുമെന്റുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എൻഒസി നൽകുന്നത്. ഇത് അതിവേഗം തരപ്പെടുത്താനും ക്രമക്കേടുകൾ മൂടിവയ്ക്കാനും ഓയിൽ കന്പനി ഉദ്യോഗസ്ഥരുടെയിടയിലും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലും ഡീലർഷിപ്പ് വേണ്ടുന്നവർക്കിടയിലും ഏജന്റ് മാഫിയ പ്രവർത്തിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.ഇതുവഴി നിലവിലെ നിയമങ്ങൾ പലതും അട്ടിമറിക്കയാണ്. നിയമവിരുദ്ധമായ സ്ഥലങ്ങൾ അനുയോജ്യമാക്കുന്നതിനുമൊക്കെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നത്. ഇക്കാര്യം ചൂണ്ടി വകുപ്പ് മന്ത്രിമാർക്കും വിജിലൻസിലും അസോസിയേഷൻ പരാതി നൽകുകയുണ്ടായി.
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം ഡിവൈഎസ്പി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചന്ദനത്തോപ്പിലെ പന്പിനെതിരേ നിയമനടപടികൾ അടക്കം നടന്നുവരുന്നതായി അസോസിയേഷൻ പ്രസിഡന്റ് മൈതാനം വിജയനും സെക്രട്ടറി സഫാ അഷറഫും പറഞ്ഞു.കുന്നത്തൂർ താലൂക്കിലെ പോരുവഴിയിലും നാഷണൽ ഹൈവേ നിയമങ്ങൾ ലംഘിച്ച് പന്പ് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പെട്രോൾ പന്പുകൾ തുടങ്ങുന്പോൾ പാലിക്കേണ്ടുന്ന നിയമങ്ങളും വ്യവസ്ഥകളും എന്തെന്ന് അറിയാത്ത ഉദ്യോഗസ്ഥർ പോലും ഉണ്ട്. പലപ്പോളും പരാതികളുടെ ഗൗരവം കെടുത്തി ഏത് വിധേനെയും എൻഒസി കൊടുക്കാനുള്ള പഴുതുകൾ നോക്കി റിപ്പോർട്ടുകൾ തയാറാക്കി കോടതികളിൽ നിന്ന് നിയമ പരിരക്ഷ നേടാനുള്ള വഴികൾ കൂടി ഉദ്യോഗസ്ഥർ ചെയ്തുകൊടുക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.നിലവിൽ പ്രവർത്തിക്കുന്ന പെട്രോൾ പന്പുകളുടെ ബിസിനസ് സ്ഥിരതയ്ക്കും നിലനിൽപ്പിനും വേണ്ടി സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പോലും ഉദ്യോഗസ്ഥർ പാലിക്കുന്നില്ല.
റവന്യൂ വകുപ്പിന്റെ ഉത്തരവുകളിലുള്ള നെൽവയൽ, തണ്ണീർത്തടം, കുടിവെള്ള ശ്രോതസ്, തീരദേശ പരിപാലനം എന്നിവ പാലിക്കണമെന്ന് കൃത്യമായ മാനദണ്ഡവും മാർഗനിർദേശവും ഉണ്ടെങ്കിലും അത് എന്താണെന്ന് പോലും ഉദ്യോഗസ്ഥർക്ക് അറിവില്ലാത്ത അവസ്ഥയുമുണ്ട്.പൊല്യൂഷൻ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥർ ഒരു അന്വേഷണവും നടത്താതെയാണ് എൻഒസിക്കായി റിപ്പോർട്ടുകൾ നൽകുന്നത്. ഫയർ ആന്റ് റസ്ക്യൂ വകുപ്പ് അധികാരികളും ഇതിൽ നിന്ന് വിഭിന്നമല്ല.
ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന ലൈനുകൾക്ക് ഇടയിലും ഖാഷ്യു ഫാക്ടറികളുടെ ബോർമകൾക്ക് അടിവശവും ഹോട്ടലുകൾ, വെൽഡിംഗ് വർക്ക്ഷോപ്പുകൾ എന്നിവയ്ക്ക് സമീപവുമൊക്കെ പെട്രോൾ പന്പുകൾക്ക് വ്യാപകമായി എൻഒസി നൽകുകയാണ്.പരിസരവാസികളുടെ പരാതികൾ പോലും അവഗണിച്ചാണ് പലയിടത്തും ജില്ലാ കളക്ടറുടെ അനുമതി പത്രത്തിന്റെ മറവിൽ പന്പുകൾ സ്ഥാപിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള പെട്രോൾ പന്പുകളുടെ സംരക്ഷണത്തിന് സമരം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.