ശുചിമുറി സൗകര്യം യാചിച്ച് വിദേശ വനിത! അത് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന കടുംപിടുത്തവുമായി പമ്പ് ഉടമ; രോഷം പടര്‍ത്തി വീഡിയോ വൈറലാവുന്നു

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് പ്രാഥമിക ആവശ്യങ്ങളെന്ന് പറയുമെങ്കിലും ശുചിമുറി സൗകര്യമെന്നത് ഇവയെപ്പോലെ തന്നെ പ്രധാനമാണ്. ഇത്തരത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള വിനോദസംഘത്തിന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശുപിമുറി സൗകര്യം നിഷേധിച്ച പെട്രോള്‍ പമ്പ് ഉടമയുടെ കടുംപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള അനുമതി ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്ന പമ്പ് ഉടമയുടെ കടും പിടുത്തത്തില്‍ വലഞ്ഞത് വിനോദ സഞ്ചാരികളായ വിദേശികള്‍ കൂടിയാണ്. നിസ്സഹായരായ സ്ത്രീ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുമായി പമ്പുടമ തര്‍ക്കിക്കുന്നതിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്.

വിദേശികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സംഭവം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തി. പൊന്‍കുന്നത്താണ് സംഭവം. എന്നാല്‍ വിദേശികള്‍ ടോയ്ലറ്റ് ഉപയോഗിച്ചുവെന്നും ആശയവിനിമയത്തില്‍ സംഭവിച്ച പാളിച്ചയാണ് സംഗതി കുഴപ്പത്തിലാക്കിയതെന്നുമാണ് പമ്പിന്റെ ഉടമ നല്‍കുന്ന വിശദീകരണം.

നാഷണല്‍ ഹൈവേകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം നിര്‍ബന്ധമായും നല്‍കണം എന്നിരിക്കെയാണ് ഈ സംഭവമെന്നതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Related posts