
സ്വന്തം ലേഖകൻ
കണ്ണൂർ: ഗുണമേൻമയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാക്കാൻ ആരംഭിച്ച ജയിൽ മുറ്റത്തെ പെട്രോൾ പന്പിൽ പക്ഷെ ഇനിയും ഇന്ധനം എത്തിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 31നാണ് സംസ്ഥാനത്തെ നാലു ജയിലുകളോടു ചേർന്നുള്ള സ്ഥലത്ത് പട്രോൾ പന്പ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം, വിയ്യൂർ, ചീമേനി, കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിലാണു പന്പുകൾ ആരംഭിച്ചത്.
എന്നാൽ കണ്ണൂർ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മാസങ്ങൾ പിന്നിട്ടിട്ടും ഇന്ധനം നൽകാൻ സാധിച്ചില്ല.
കണ്ണൂർ സെൻട്രൽ ജയിലിലെ പെട്രോൾ പന്പിന്റെ നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടിവന്നതായി അധികൃതർ പറഞ്ഞു.
പെട്രോൾ പന്പിന്റെ തറയുടെ ഇന്റർലോക്ക് പ്രവൃത്തി പുരോഗമിക്കുകയാണ്. പന്പിന്റെ കെട്ടിടത്തിനുള്ള കെട്ടിട നന്പർ കോർപറേഷൻ ഇനിയും നൽകിയിട്ടില്ല.
ഇതിനിടയിൽ കഴിഞ്ഞമാസം പെയ്ത കനത്ത മഴയിൽ പന്പിന്റെ മതിൽ ഇടിഞ്ഞുവീണു. മണ്ണിടിച്ചിൽ കാരണം പ്രവൃത്തി തടസപ്പെട്ടിരുന്നു. നവംബർ പകുതിയോടെയെങ്കിലും പൊതുജനങ്ങൾക്ക് ഇന്ധനം നൽകാൻ ആകുമെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
ജയിലിന്റെ സ്ഥലം ഇന്ത്യൻ ഓയിൽ കോർപറേഷന് ലീസിനു നൽകിയാണ് പന്പ് സ്ഥാപിച്ചത്. ദേശീയപാതയോരത്ത് 39 സെന്റ് സ്ഥലത്താണ് പെട്രോൾ പന്പ് നിർമിച്ചിരിക്കുന്നത്.
ഇന്ധനം നൽകുന്നത് തടവുകാർ
ജയിലിലെ ശിക്ഷാതടവുകാർ പെട്രോൾ പന്പിൽ ഇന്ധനം നൽകുന്ന രാജ്യത്തെ ആദ്യത്തെ പെട്രോൾ പന്പുകളാണ് ജൂൺ 31ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
പന്പിലെ 15 ജയിൽ അന്തേവാസികൾക്ക് തൊഴിൽ നൽകും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ജോലി. രാവിലെ ആറുമുതൽ രാത്രി ഒൻപതുവരെ പന്പ് പ്രവർത്തിക്കും.
160 മുതൽ 180 രൂപ വരെ ദിവസക്കൂലി അന്തേവാസികൾക്ക് നല്കും. ജയിൽ മോചിതരായവരെയും പന്പിലേക്ക് ജോലിക്കായി നിയമിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ പലരും വിസമ്മതിക്കുന്നതായി പരാതികൾ ഉയരുന്നു സാഹചര്യത്തിലാണു ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നവരെ കൂടി പരിഗണിക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി)യുടെ സഹകരണത്തോടെ പത്തുകോടി രൂപ മുതൽ മുടക്കിൽ സെൻട്രൽ ജയിലിനു മുന്നിലായിട്ടാണ് പെട്രോൾ പന്പ് നിർമിച്ചിരിക്കുന്നത്.