മാഹി: എണ്ണക്കമ്പനികൾ പെട്രോൾ,ഡീസൽ വില ഒരോ ദിവസവും പുന:ക്രമീകരിക്കുന്നത് പമ്പുടമകൾക്കും ജീവനക്കാർക്കും തലവേദനയാകും. എറ്റക്കുറച്ചിലിന്റെ അറിയിപ്പുകൾ പമ്പുകളിൽ രാത്രി 11 മണിയോടെയാണ് എത്തുക. നിയമപരമായി പമ്പുകളിലെ യൂണിറ്റുകളിൽ പുതിയ വില പ്രദർശിപ്പിക്കേണ്ടത് അർധരാത്രി 12നാണ്. 24 മണിക്കൂർ പ്രവർത്തിപ്പിക്കാത്ത പെട്രോൾ പമ്പുകളാണ് മാഹിയടക്കം ജില്ലയിലുള്ളത്.
രാത്രി 10ന് അടയ്ക്കുന്ന പമ്പുകൾ പുതിയ സാഹചര്യത്തിൽ അർധരാത്രി 12വരെ ദിവസവും കാത്തിരിക്കേണ്ട അവസ്ഥയാകും. വില മാറ്റിയില്ലെങ്കിൽ ഉപഭോക്താക്കളുമായുള്ള വാക്ക് തർക്കങ്ങൾ രൂക്ഷമാകുകയും ചെയ്യും. യൂണിറ്റുകളിൽ അർധരാത്രി വില മാറ്റിയാൽ തന്നെ പിറ്റേദിവസം സംസ്ഥാന സർക്കാരുകൾ വിൽപ്പന നികുതിയിൽ നേരിയ വ്യത്യാസം വരുത്തുമ്പോൾ രാവിലെ 10ന് വില പിന്നെയും മാറ്റേണ്ട അവസ്ഥവരാറുണ്ട്.
യൂണിറ്റിൽ വില മാറ്റാൻ 10 മിനിറ്റോളം വേണ്ടിവരും. പമ്പുകളിൽ തിരക്ക് വർധിക്കുമ്പോൾ വില മാറ്റാൻ കഴിയാത്ത അവസ്ഥയും വരും. പരിചയസമ്പന്നരായ ജീവനക്കാർക്ക് മാനേജരുടെ സാന്നിധ്യത്തിൽ മാത്രമേ യൂണിറ്റുകളിലെ വില മാറ്റുവാൻ സാധിക്കുകയുള്ളു. മിക്ക പമ്പുകളും ഓട്ടോമേഷൻ വ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. പമ്പുകളിൽ പെട്രോളും ഓയിലും കലർത്തി ഇന്ധനം അടിക്കുന്ന ഓട്ടോറിക്ഷകൾ പോലെയുള്ള വാഹനങ്ങൾക്കായി പെട്രോൾ, ഓയിൽ വില ചേർത്ത് മറ്റൊരു വിലവിവരപ്പട്ടികയും പമ്പുകളിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്. ഇതും ഇനി നിത്യേന മാറ്റണം.