തലശേരി: രണ്ടരലക്ഷം രൂപ പട്ടാപ്പകൽ കൊള്ളയടിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട പെട്രോൾ പന്പ് മാനേജരുടെ മൃതദേഹം കടലിൽ കണ്ടെത്തി. മാഹി പന്തക്കൽ പയനിയർ പെട്രോൾ പന്പ് മാനേജർ മുഴപ്പിലങ്ങാട്ടെ എഫ്സിഐ ഗോഡൗണിനു സമീപം താമസിക്കുന്ന പൊക്കോടൻ വീട്ടിൽ ദേവദാസിന്റെ (59) മൃതദേഹമാണ് ഇന്നു രാവിലെ ഏഴോടെ മുഴപ്പിലങ്ങാട് ബീച്ചിനു സമീപമുള്ള കടലിലെ പാറക്കെട്ടിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ദേവദാസ് ഉച്ചവരെ ഫോണിൽ വീടുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. ഇന്നലെ രാത്രി ബന്ധുക്കൾ എടക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 24ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ടെന്പിൾഗേറ്റിനു സമീപ വച്ചാണ് മുളകുപൊടി വിതറി ദേവദാസിന്റെ കൈയിൽ നിന്നും പണം തട്ടിയെടുത്തത്.
തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് അടയ്ക്കാനായി പണവുമായി വരികയായിരുന്നു ദേവദാസ്. 2,50,000 രൂപ തട്ടിയെടുത്തതായി പറയുന്നു. വാഹനത്തിൽ നിന്ന് ഓടയിലേക്ക് വീണ ഇയാളെ പരിസരത്തുണ്ടായിരുന്നവർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റോഡിൽ കിടന്ന ഇയാളുടെ സമീപത്തു നിന്നും 35,000 രൂപ തിരിച്ചു കിട്ടിയിരുന്നു. തുടർന്ന് തലശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
മൃതദേഹം എടക്കാട് പ്രിൻസിപ്പൽ എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഭാര്യ: പ്രീത. മക്കൾ: അതുൽ, അനഘ.