ഇടുക്കി: കുമളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ എഎസ്ഐ മര്‍ദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മര്‍ദനമേറ്റത്.
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് ജീവനക്കാരനെ മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
മുരളി സ്റ്റേഷനില്‍നിന്നു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെയാണ് കുമളി ചെളിമടയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ എത്തിയത്.
സ്കൂട്ടറിലെത്തിയ മുരളി ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ ടാങ്കിന്റെ അടപ്പ് തുറന്നു നല്‍കണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത് പറഞ്ഞു.
ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തര്‍ക്കത്തിനിടെ എഎസ്ഐ മുരളി രഞ്ജിത്തിനെ മര്‍ദിക്കുകയായിരുന്നു.
കൈക്കും തലയ്ക്കും വാരിയെല്ലിനും നാഭിക്കും മര്‍ദനത്തില്‍ പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു. താഴെ വീണിട്ടും എഎസ്ഐ മർദനം തുടർന്നു.
പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.