കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മണല്‍ വാരിയെറിഞ്ഞ് കവര്‍ച്ച. നടക്കാവ് ഗേള്‍സ് സ്കൂളിന് മുന്‍വശത്തെ പെട്രോള്‍ പമ്പിലാണ് ഇന്ന് പുലര്‍ച്ചെ 3.30 ഓടെ കവര്‍ച്ച നടന്നത്.
ബൈക്കിലെത്തിയ യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ചുവന്ന ബൈക്കിലാണ് രണ്ട് യുവാക്കള്‍ എത്തിയത്. ഈ സമയം ജീവനക്കാരന് വിശ്രമിക്കുകയായിരുന്നു. പുറകിലിരുന്ന യുവാവ് ബൈക്കില്‍ നിന്നിറങ്ങി ജീവനക്കാരന് സമീപമെത്തി.
അപ്പോഴേക്കും ജീവനക്കാന് എഴുന്നേല്ക്കാന് ശ്രമിച്ചു. അതിനിടെയാണ് ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ് കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്.
സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. സിഐ ബിശ്വാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെട്രോള്‍ പമ്പിന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.