കോട്ടയം: പാന്പാടിയിൽ പെട്രോൾ പന്പ് കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. ഇവർ കെഎസ് ആർടിസി ബസിൽ കയറി തിരിച്ച് പാന്പാടി വഴി കുമളി ഭാഗത്തേക്ക് പോയി എന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. പാന്പാടി വട്ടമലപടിയിൽ പ്രവർത്തിക്കുന്ന ലൂക്ക് തോമസിന്റെ ഉടമസ്ഥതയിലുള്ള ഐഒസി പന്പിലെ ജീവനക്കാരനെ ആക്രമിച്ച് ഓഫീസിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്നുവെന്നാണ് കേസ്.
അതേ സമയം പ്രതികളെന്നു സംശയിക്കുന്നവരുടെ ഇപ്പോൾ പുറത്തു വന്ന ചിത്രം എടുത്തത് കോട്ടയത്തെ കണ്ട്രോൾ റൂം പോലീസ് ആണ്. ശനിയാഴ്ച അർധരാത്രിയിലാണ് പാന്പാടിയിലെ കവർച്ച നടന്നത്. അതിനുശേഷം കോട്ടയം നഗരത്തിൽ എത്തിയ പ്രതികൾ നഗരത്തിലൂടെ നടന്നു പോകുന്നതു കണ്ട് പട്രോളിംഗ് പോലീസ് സംഘമാണ് വെറുതെ ഇവരുടെ ചിത്രമെടുത്തത്.
മറ്റു സംശയമൊന്നും പോലീസിന് തോന്നാതിരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്തില്ല. അപ്പോഴൊന്നും മോഷണവിവരം പുറത്തു വന്നിരുന്നില്ല. മോഷണം നടന്ന് ഏറെ നേരം കഴിഞ്ഞാണ് സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതിനിടയിലാണ് പ്രതികൾ കോട്ടയം നഗരത്തിലൂടെ നടന്നു നീങ്ങിയത്.
അതേ സമയം മോഷണം നടന്നയുടൻ പോലീസിനെ അറിയിച്ചിരുന്നുവെങ്കിൽ വയർലെസ് വഴി വിവരം എല്ലാ പോലീസ് സ്റ്റേഷനിലും എത്തുമായിരുന്നു. അങ്ങനെയെങ്കിൽ ഇവരെ കോട്ടയം ടൗണിൽ നിന്നു തന്നെ പിടികൂടാമായിരുന്നു.
മൂന്നു പേരടങ്ങുന്ന മോഷണ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ ഇരുന്പുവടിക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചതിനുശേഷം പൂട്ട് കുത്തി തുറന്ന് പണവുമായി കടന്നു കളയുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന അനീഷ് എന്ന ജീവനക്കാരനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന സമയം അതുവഴിയെത്തിയ വാഹനത്തിലെ യാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്.
സംഭവത്തിനു ശേഷം കോട്ടയം ഭാഗത്തേക്ക് ഓടിപ്പോയ പ്രതികൾ മറ്റൊരു ഇതര സംസ്ഥാനക്കാരൻ കോട്ടയത്തു നിന്ന് വിളിച്ചുകൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കോട്ടയത്തു നിന്ന് മണർകാട്ടേക്ക് ഓട്ടം പോയി തിരികെ കോട്ടയത്തെത്തിയ ഓട്ടോയാണ് ഇതര സംസ്ഥാനക്കാരൻ വിളിച്ച് പാന്പാടിയിലേക്ക് വന്നത്. ഒൻപതാം മൈൽ ഭാഗത്തു വച്ചാണ് പ്രതികൾ മൂന്നു പേരും കയറിയത്.
ഇവർ കോട്ടയം ടൗണിൽ ഇറങ്ങി നടന്നു വരുന്പോഴാണ് പട്രോളിംഗ് പോലീസ് ഇവരുടെ ചിത്രമെടുത്തത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ജില്ലയിലെ മൂന്നാമത്തെ സംഭവമാണിത്. കുറവിലങ്ങാട്ടും കറുകച്ചാലിലും ഇതിനു മുന്പ് പെട്രോൾ പന്പിലെ ജീവനക്കാരനെ ആക്രമിച്ച് മോഷ്്ടാക്കൾ പണവുമായി കടന്നു കളഞ്ഞിട്ടുണ്ട്.
രാത്രിയിൽ പെട്രോൾ പന്പ് പ്രവർത്തിപ്പിക്കാൻ ഉടമകൾക്കു പേടി
ആക്രമണ ഭയം മൂലം രാത്രികാലങ്ങളിൽ പെട്രോൾ പന്പ് പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ ഉടമകൾ ഭീതിയിൽ. രാത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാതെ വരുകയാണെന്നു ഉടമകൾ പറയുന്നു.സംഭവങ്ങൾ ഒഴിവാക്കാനും മോഷ്്ടാക്കളെ അമർച്ച ചെയ്യാനുമുള്ള നടപടികളാണുണ്ടാകേണ്ടതെന്ന് പന്പുടമകൾ പറയുന്നു.
നോട്ടു നിരോധനത്തിനു ശേഷം ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും കാഷ് ലെസ് ഇടപാടുകളാണ് നടക്കുന്നത്. എന്നാൽ ഭൂരിഭാഗം പന്പുകളിലും നേരിട്ടു പണം നൽകുന്ന രീതിയാണ് തുടരുന്നത്. മോഷ്്ടാക്കൾക്ക്് ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ടും മോഷ്്ടാക്കൾ പന്പുകളെ ടാർജറ്റ് ചെയ്തിരിക്കുകയാണ്.
ഇത്തരം സാഹചര്യം തുടർന്നാൽ പന്പുകളുടെ പ്രവർത്തനം രാത്രികാലങ്ങളിൽ വേണ്ടെന്നു തീരുമാനിക്കനേ സാധിക്കുകയുള്ളുവെന്ന് പന്പുടമകൾ പറഞ്ഞു. മോഷ്്ടാക്കളെ എത്രയും വേഗം പിടികൂടണമെന്നു ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലൂക്ക് തോമസ് , സെക്രട്ടറി ജേക്കബ് ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.