കോട്ടയം: അടിക്കടി അക്രമങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകളിൽ ജോലി ചെയ്യാൻ ജീവനക്കാർ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം പാന്പാടി കാളച്ചന്തയ്ക്കു സമീപമുള്ള പെട്രോൾ പന്പിൽ രാത്രിയിൽ ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന അക്രമി സംഘമെത്തി ജീവനക്കാരെ ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം ഒന്നര ലക്ഷത്തോളം രൂപയുമായി മുങ്ങുകയായിരുന്നു.
ഇവർക്കു വേണ്ടി പോലീസ് പ്രത്യേക സ്ക്വാഡുണ്ടാക്കി അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പന്പിൽ നിന്നും മോഷ്്ടിച്ച പണവുമായി ഇവർ തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജില്ലയിലെ അഞ്ചു പെട്രോൾ പന്പുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ടു പന്പുകളിൽ വൻ കവർച്ച നടന്നപ്പോൾ മറ്റു രണ്ടു പന്പുകളിൽ മദ്യലഹരിയിൽ എത്തിയവർ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മറ്റൊരു പന്പിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ജീവനക്കാരെ കാറിടിച്ച് വീഴ്ത്തിയശേഷം രക്ഷപ്പെടാനും ശ്രമിച്ചു.
ജില്ലയിൽ നിലവിൽ 146 പന്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയോളം പന്പുകളും രാത്രികാലങ്ങളിലും പ്രവർത്തിക്കുന്നവയാണ്. അടുത്തയിടെയുണ്ടായ എല്ലാ അക്രമ സംഭവങ്ങളും അരങ്ങേറിയതു രാത്രിയിലായതിനാലാണു ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നത്.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ലെന്നും പന്പ് ഉടമകൾ ആരോപിക്കുന്നു. ഇതിനു പുറമെ പന്പുകളിൽ ബാങ്കുകളുടെ കാഷ് ഡിപ്പോസിറ്റ് യന്ത്രം സ്ഥാപിക്കുക, അക്രമം തടയാൻ നിയമനിർമാണം നടത്തുക, അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, രാത്രികാലങ്ങളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പന്പുടമകൾ ഉന്നയിക്കുന്നുണ്ട്.