മാഹി: 60 വയസ് കഴിഞ്ഞ ജീവനക്കാരെ പെട്രോൾ പമ്പുകളിൽ ജോലിക്ക് വയ്ക്കരുതെന്ന എണ്ണക്കമ്പനികളുടെ നിർദ്ദേശം ശക്തമായതോടെ ഇത്തരത്തിൽപെട്ട ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. കഴിഞ്ഞ മാസം മാഹി ദേശീയപാതയിലെ ഒരു പെട്രോൾ പമ്പിലെ നാലു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു കൊണ്ട് നടപടി തുടങ്ങി. 60 കഴിഞ്ഞ 30 ൽ പരം ജീവനക്കാർ നിലവിൽ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.
പെട്രോൾ പമ്പ് ഉടമകളും ഈ പദ്ധതിയോട് താത്പര്യമാണുള്ളത്. പകൽ സമയത്തെ ഷിഫ്റ്റിൽ നൂറിൽപരം സ്ത്രീ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും 50 വയസ്സിൽ കുറവുള്ളവരാണ്. 2017 ൽ കേന്ദ്ര സർക്കാർ പെട്രോൾ പമ്പ് ജീവനക്കാരുടെ മിനിമം വേതനം 9500 രൂപയിൽ നിന്ന് 12,222 രൂപയായി ഒറ്റയടിക്ക് വർദ്ധിപ്പിച്ചതോടെ യുവാക്കൾ ജോലിക്കായി കാത്തു നിൽക്കുകയാണ്.
20 ൽ പരം ഉത്തരേന്ത്യൻ സംസ്ഥാന കാർ നിലവിൽ പമ്പുകളിൽ ജോലി ചെയ്യുന്നുണ്ട്. യൂണിഫോം, ഷൂ, തൊപ്പി എന്നിവ ധരിക്കാതെ ഒരു ജീവനക്കാരും ജോലി എടുക്കരുതെന്നും കമ്പനി നിർദ്ദേശിക്കുന്നുണ്ട്. മിന്നൽ പരിശോധനയിൽ യൂണിഫോം ധരിക്കാതെയൊ മറ്റൊ ജോലി ചെയ്താൽ പമ്പ് ഡീലർമാർ 10,000 രൂപ പിഴ അടക്കേണ്ടി വരും.
ഉപഭോക്തക്കൾക്ക് മിച്ചപ്പെട്ട സേവനം പമ്പുകളിൽ ലഭ്യമാക്കുക, വ്യാപാരം വർദ്ധിപ്പിക്കുക ,പമ്പിൽ ഇന്ധനത്തിനായി എത്തുന്ന വാഹനങ്ങളെ പെട്ടെന്ന് ഇന്ധനം നിറച്ച് കൊടുത്ത് ഒഴിവാക്കുക എന്നിവയാണ് ഇത്തരം നടപടികളിലുടെ എണ്ണക്കമ്പനികൾ ലക്ഷ്യമിടുന്നത്.