കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോൾ പന്പ്-ഗ്യാസ് തൊഴിലാളികൾ പണിമുടക്കിലേക്കു നീങ്ങുമെന്ന് കണ്ണൂർ ഡിസ്ട്രിക്ട് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി. ഗവൺമെന്റ് പ്രഖ്യാപിച്ച ലീവുകളൊന്നും ഉടമകൾ തൊഴിലാളികൾക്ക് അനുവദിക്കുന്നില്ല.
ഇഎസ്ഐ, പിഎഫ് നടപ്പിലാക്കുന്നില്ല. മാസ ശന്പളം മാസത്തിന്റെ ആദ്യ ആഴ്ച നൽകുന്നില്ലെന്നും തൊഴിലാളികളോട് മാന്യമായി പെരുമാറുന്നില്ലെന്നും യൂണിയൻ ആരോപിച്ചു. ഇതുസംബന്ധിച്ച് ലേബർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും ഇതേവരെ ഒരു നടപടിയും എടുത്തിട്ടില്ല.
ഇന്ന് തൊഴിലാളികൾക്കു ലഭിക്കുന്ന കൂലി 320 രൂപയാണ്. അതു തന്നെ കൃത്യമായി നൽകാത്ത ഉടമകളുണ്ടെന്നും യൂണിയൻ പറയുന്നു. യോഗത്തിൽ കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ചന്ദ്രൻ, പി. പ്രകാശ്കുമാർ, എ.കെ. ഉമേഷ് ബാബു, ടി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.