കോട്ടയം: ഇന്ധനം നിറയ്ക്കാൻ ഇനി പന്പിൽ ക്യൂ നിൽക്കേണ്ട വാഹനങ്ങളുടെ അടുത്തേക്കു ടാങ്കറുകൾ എത്തുന്നു. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു ഡീസലുമായി സഞ്ചരിക്കുന്ന വാഹന ഇന്ധനവിതരണ കേന്ദ്രം നിങ്ങളെ തേടി എത്തുന്നു.
മണർകാട് പാറയിൽ ഫ്യൂവൽസാണ് സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണകേന്ദ്രം പുറത്തിറക്കിയത്. പൂർണമായും സുരക്ഷിതമായ യന്ത്രപ്രവർത്തനത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്.
സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മണർകാട് പാറയിൽ ഫ്യൂവൽസ് അങ്കണത്തിൽ നിർവഹിക്കും.
500 ലിറ്ററിൽ കൂടുതൽ ഡീസൽ വാങ്ങുന്നവർക്ക് അധിക നിരക്ക് ഈടാക്കില്ല. ടാങ്കർ ലോറിയിൽ മൂന്നു അറകളിലായി 2,400 ലിറ്റർ സംഭരണ ശേഷിയുള്ള വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഡീസൽ വിതരണത്തിനു വാഹനത്തിന്റെ ഏറ്റവും പിന്നിലായി പ്രത്യേക യന്ത്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാകും ഡീസൽ വിതരണം ചെയ്യുകയെന്നു മണർകാട് പാറയിൽ ഫ്യൂവൽസ് മാനേജിംഗ് ഡയറക്ടർ ബെന്നി പാറയിൽ പറഞ്ഞു.
ജനറേറ്റർ, നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന വലിയ യന്ത്രങ്ങൾ, എക്സ്കവേറ്റർ, സ്കൂൾ ബസുകൾ തുടങ്ങിയവയ്ക്കു സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രം സഹായകരമാണെന്നു പറയുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സഞ്ചരിക്കുന്ന വാഹന ഇന്ധനവിതരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതെന്നും ബെന്നി പാറയിൽ പറഞ്ഞു.