കൊച്ചി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ പത്താം ദിനവും ഇന്ധനവിലയിൽ വർധനവ്. സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമായി. കൊച്ചിയിൽ ഇന്നു പെട്രോൾ വില ലിറ്ററിനു 79.60 രൂപയായി.
ഡീസലിനാകട്ടെ ലിറ്ററിന് 72.48 രൂപയായി വില ഉയർന്നു. ഇന്നലെ കൊച്ചിയിൽ പെട്രോളിനു 79.44 രൂപയും ഡിസലിനു 72.43 രൂപയുമായിരുന്നു. മറ്റു ജില്ലകളിലും ഇന്ധനവിലയിൽ സമാനമായ രീതിയിലുള്ള വർധനവാണ് ഇന്നുണ്ടായിട്ടുള്ളത്. കോഴിക്കോട്ട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയുമാണ്.
അതേസമയം, ഇന്ധനവില കുതിച്ചുയരുന്നതിനെത്തുടർന്നു എക്സൈസ് തീരുവ കുറയ്ക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നാണു വിവരം. ഇന്ധന വില ദിനംപ്രതി വർധിക്കുന്നതിനാൽ രാജ്യത്തു പ്രതിഷേധം ശക്തമാണ്.
ഇതോടെ ഇന്ധനവിലയിൽ രണ്ടു രൂപയോളം കുറവ് വരുത്തുമെന്നാണു ലഭിക്കുന്ന സൂചനകൾ. എന്നാൽ, രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിനാൽ അടുത്ത ദിവസങ്ങളിലും പെട്രോൾ വില ഉയരുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിൽ 24നു ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്ന ഇന്ധനവിലയാണു കർണാടക തെരഞ്ഞെടുപ്പിനുശേഷം റോക്കറ്റുപോലെ കുതിക്കുന്നത്. കഴിഞ്ഞ 12നായിരുന്നു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിനെ ബാധിക്കാതെയിരിക്കാനാണു പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഇന്ധന വില വർധിപ്പിക്കാതിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു ശരിവെയ്ക്കുന്ന തരത്തിലാണു പിന്നീടുള്ള ഇന്ധന വല വർധന.