ആലപ്പുഴ: ടാങ്കർ ലോറിയുടെ ഇന്ധനടാപ്പിന്റെ പൂട്ട് തകരാറിലായതിനെത്തുടർന്ന് ഫയർഫോഴ്സ് സംഘം പൂട്ടറുത്തുമാറ്റി.
ഇന്നലെ വൈകുന്നേരം 5.30 ഓടെ വഴിച്ചേരിയിലെ സപ്ലൈകോ പന്പിലേക്ക് ഇന്ധനവുമായെത്തിയ ടാങ്കർലോറിയുടെ ടാപ്പിന്റെ പൂട്ടാണ് തുറക്കാൻ കഴിയാതെ പോയത്. പൂട്ടിന്റെ താക്കേൽ ജീവനക്കാർ ഉപയോഗിച്ചുനോക്കിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഇത്തരം സംഭവങ്ങളുണ്ടാകുന്പോൾ ഉപയോഗിക്കുന്ന ഷീയേഴ്സ് എന്ന ഉപകരണം പ്രയോഗിച്ചുനോക്കിയെങ്കിലും കട്ടികൂടിയ പൂട്ടായതിനാൽ തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇലക്ട്രിക് കട്ടറുപയോഗിച്ച് പൂട്ട് അറുത്തുമാറ്റാൻ തീരുമാനിച്ചു. ഇതിനായി വാഹനം പന്പിൽ നിന്ന് മാറ്റി പാർക്ക് ചെയ്യുകയും പൂട്ട് അറുത്തുമാറ്റുന്പോൾ ഉണ്ടാകുന്ന തീപ്പൊരി അപകടത്തിനിടയാക്കാതിരിക്കുന്നതിനായി വെള്ളവും ഫോമും പന്പ് ചെയ്യുകയും ചെയ്തു.
നനഞ്ഞ പൂട്ടിൽ തുണി ചുറ്റി ഏകദേശം മുക്കാൽ മണിക്കൂറോളം നടത്തിയ പ്രയത്നത്തിലൊടുവിലാണ് പൂട്ടുതുറക്കാനായത്. ലീഡിംഗ് ഫയർമാൻ എച്ച്. സതീശൻ, ഫയർമാ·ാരായ സതീഷ് കുമാർ, പ്രശോഭ്, പുഷ്പലാൽ, അരവിന്ദ്, സക്കീർ ഹുസൈൻ, എന്നിവർ നേതൃത്വം നൽകി.