തിരുവനന്തപുരം: ഇന്ധന സെസിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ നിയമസഭ പിരിഞ്ഞെങ്കിലും സമരം തുടരാനുറച്ചു പ്രതിപക്ഷം.
ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം തുടരും. പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും യുഡിഎഫ് നേതാക്കള്‍ ഇന്നു മറുപടി നല്‍കും.
നിയമസഭ ഇനി സമ്മേളിക്കുന്ന 27 വരെ ഇന്ധന സെസിനെതിരായ സമരം ശക്തമായി തുടരാനാണു പ്രതിപക്ഷത്തിന്റെ നീക്കം.
ഇതിന്റെ ഭാഗമായി വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13, 14 തീയതികളിൽ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും സെക്രട്ടേറിയറ്റിനു മുന്‍പിലും യുഡിഎഫ് രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം കടക്കെണിയിലാണെന്നതും ധൂര്‍ത്തുണ്ടെന്നതും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് കോട്ടയത്ത് വാർത്താസന്നേളനത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകും.
കഴിഞ്ഞ ദിവസം സഭ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം നിര്‍ഭാഗ്യകരമെന്നാണ് കഴിഞ്ഞ ദിവസം സ്പീക്കർ പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നായിരുന്നു ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.