തൃശൂർ: മുന്തിയയിനം വാഹനങ്ങളിൽ ഉപയോഗിക്കാൻ മികച്ചയിനം പെട്രോളുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.
വില കൂടുതലാണെങ്കിലും ശുദ്ധമായ പെട്രോൾ വൻവിലയുള്ള വാഹനങ്ങളുടെ എൻജിന്റെ ആയുസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ അവകാശപ്പെടുന്നത്.
100 ഒക്ടേൻ പെട്രോൾ എക്സ്പി 100 എന്ന പേരിൽ പുറത്തിറക്കിയ സംശുദ്ധ പെട്രോളിനു ലിറ്ററിന് 160 രൂപയാണു വില. സാധാരണ പെട്രോളിന് ഇന്നലത്തെ വില 90.86 രൂപയായിരുന്നു.
മുന്തിയയിനം പെട്രോളായ എക്സ്പി 100 ന്റെ തൃശൂർ ജില്ലയിലെ വിതരണോദ്ഘാടനം തൃശൂർ പൂങ്കുന്നത്തെ മാധവം ഫ്യൂവൽസിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജരും കേരള മേധാവിയുമായ വി.സി. അശോകൻ നിർവഹിച്ചു. ലംബോർഗിനി കാറുകളിൽ പെട്രോൾ നിറച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മഥുര റിഫൈനറിയിലാണ് ഒക്ടോമാക്സ് വിദ്യ ഉപയോഗിച്ച് കൂടുതൽ സംശുദ്ധമായ ഒക്ടേൻ 100 പെട്രോൾ ശുദ്ധീകരിച്ചെടുക്കുന്നത്.
വിലയേറിയ ആഡംബര വാഹനങ്ങളുടെ എൻജിനുകൾക്ക് ഈയിനം പെട്രോൾ ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർദേശിക്കുന്നത്.
എൻജിന്റെ സുഗമമായ പ്രവർത്തനത്തിനും അതിവേഗത്തിലുള്ള കുതിപ്പിനും വിലയേറിയ പെട്രോൾ ഗുണമാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നത്.
ആഗോളതലത്തിൽ ജർമനിയും അമേരിക്കയും ഉൾപ്പെടെ ആറു രാജ്യങ്ങളിൽ മാത്രമേ 100 ഒക്ടേൻ പെട്രോൾ ഇപ്പോൾ ഉള്ളൂ.
ഐഒസി റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ ദീപക് ദാസ്, കൊച്ചി ഡിവിഷണൽ ഓഫീസ് ഡിജിഎം കെ. രഘു, സീനിയർ മാനേജർ വി. വിജു മാധവം, ഫ്യൂവൽസ് പാർട്ണർമാരായ വി.എം. ജയസേനൻ, ഉഷ ജയസേനൻ എന്നിവർ പങ്കെടുത്തു.