ഇടുക്കി : നെടുങ്കണ്ടം തൂക്കുപാലം പ്രകാശ്ഗ്രാമില്‍ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്.
പ്രധാന പ്രതിയായ ജനപ്രതിനിധിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. സിനിമ മേഖലയുമായി അടുപ്പമുള്ള ഇയാള്‍ ഈ ബന്ധങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
പ്രകാശ് ഗ്രാമില്‍ കട നടത്തുന്ന മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മയെ (68) ആണ് പ്രതികള്‍ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവര്‍ അതിക്രമം നടത്തിയത്.
പുറത്താക്കിയേക്കും
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തംഗം അജീഷ് മുതുകുന്നേല്‍, ബിജുകുമാര്‍, ആന്റണി എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയംഗവുമാണ് അറസ്റ്റിലായ അജീഷ്. സംഭവത്തിനു ശേഷം ഇയാളെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പുറത്താക്കുന്നതു സംബന്ധിച്ച് ഇന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തേക്കും.
ഇന്നലെ രാവിലെ ഏഴോടെയാണ് അക്രമം നടന്നത്. രാവിലെ ഒരു വാഹനത്തില്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയില്‍ അതിക്രമിച്ചു കടന്ന് തങ്കമണിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അക്രമി സംഘം കടയിലുണ്ടായിരുന്ന തങ്കമണിയമ്മയുടെ തലയിലുടെ പെട്രോള്‍ ഒഴിച്ച ശേഷം കമ്പിവടിക്ക് ആക്രമിച്ചു. ഇവര്‍ പ്രാണരക്ഷാര്‍ഥം ഇവര്‍ ഓടി രക്ഷപെട്ടു.
ഇതിനിടെ കടയിലെ സാധനങ്ങള്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ക്കുകയും കടയ്ക്ക് തീയിടുകയും ചെയ്തു. ഭയന്നു വിറച്ച വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അക്രമിസംഘത്തെ അറസ്റ്റ് ചെയ്തു.
പോലീസിനും ഭീഷണി
സ്റ്റേഷനിലെത്തിയ ശേഷം പഞ്ചായത്തംഗം പോലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു.
വധശ്രമത്തിനു പുറമെ പോലീസിനെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്.പരിക്കേറ്റ തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് പേര് തമ്മില്‍ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് കടയുടെ മുന്നില്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കടയുടെ മുന്നില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ശശിധരന്‍പിളള കടയുടെ മുന്‍വശത്തു തര്‍ക്കം പാടില്ലെന്ന് പറഞ്ഞു.
ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഭീഷണിയായതോടെ ശശിധരന്‍പിള്ള നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതി നല്കി.
പരാതിയില്‍ ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി തീര്‍പ്പാക്കിയിരുന്നു. പരാതി നല്കിയതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.എന്നാല്‍ പ്രദേശത്തെ ചില മാഫിയ ഇടപാടുകളും സംഭവത്തിനു പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
സിനിമ അഭിനയം
അജീഷ് നേരത്തെ വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മാക്ടയില്‍ അംഗത്വവുമുണ്ട്. ഇതുപയോഗിച്ച് ചില ഇടപാടുകള്‍ ഇയാള്‍ നടത്തിയിരുന്നതായാണ് പോലീസിനു വിവരം ലഭിച്ചത്.
ഇതിനെകുറിച്ച് പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പിടിയിലായ മൂന്നു പേരെയും വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.