ന്യൂഡൽഹി: പ്രതിഷേധങ്ങളും ജനരോഷവും കൂടുന്പോഴും ഇന്ധന നികുതികൾ ഉടൻ കുറയ്ക്കില്ലെന്നു കേന്ദ്രം.
എന്നാൽ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏപ്രിൽ ആദ്യം ലിറ്ററിന് അഞ്ചു രൂപയുടെ കുറവു വരുത്തിയേക്കുമെന്നു പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതർ സൂചിപ്പിച്ചു.
പാചക വാതകത്തിന്റെ വിലയും പലതവണ കേന്ദ്രം കൂട്ടുകയും സബ്സിഡി പൂർണമായി എടുത്തു കളയുകയും ചെയ്തെങ്കിലും സാധാരണക്കാർക്ക് ആശ്വാസം നൽകാൻ കേന്ദ്രം തയാറല്ല.
ലോകത്തിലെ ഏറ്റവും കൂടിയ ഇന്ധന നികുതിയാണ് ഇന്ത്യയിലേത്. ഇന്ത്യയിൽ പെട്രോളിനായി ചെലവഴിക്കുന്ന ഓരോ നൂറു രൂപയിലും 64 രൂപ നികുതിയാണ്. ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണു വില.
എന്നാൽ പെട്രോളിന് അടിസ്ഥാന വില 31.82 രൂപ മാത്രമാണ്. നികുതികളാകട്ടെ ഓരോ ലിറ്ററിനും 53.15 രൂപ. ലിറ്ററിന് 32.9 രൂപ എക്സൈസ് തീരുവകളും 20.61 രൂപ വാറ്റുമാണ്.
ഡീസലിന് അടിസ്ഥാന വില 33.46 രൂപയും നികുതികൾ 43.48 രൂപയുമാണ്. ഇതിൽ എക്സൈസ് തീരുവ 31.80 രൂപയും വാറ്റ് 11.68 രൂപയുമാണ്.
പശ്ചിമ ബംഗാൾ, ആസാം, രാജസ്ഥാൻ, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പ്രാദേശിക നികുതിയിൽ ഇളവു വരുത്തിയതു ജനങ്ങൾക്ക് ആശ്വാസമായിരുന്നു. എന്നാൽ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് അടുത്തിട്ടും വാറ്റ് കുറച്ചില്ല.
മേഘാലയയിൽ വാറ്റ് നികുതി പെട്രോളിന് 20 ശതമാനവും ഡീസലിന് 31.62 ശതമാനവും കുറച്ചതോടെ ലിറ്ററിന് യഥാക്രമം 7.4 രൂപയും 7.1 രൂപയും വീതമാണു ചില്ലറ വില്പന വില കുറഞ്ഞത്.
ആസാമിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ അഞ്ചു രൂപയുടെ അധിക നികുതിയാണു കഴിഞ്ഞ മാസം പിൻവലിച്ചത്.
പശ്ചിമ ബംഗാളിൽ ലിറ്ററിന് ഒരു രൂപയുടെ നികുതി കുറവാണു സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. നാഗാലാൻഡിൽ പെട്രോൾ ലിറ്ററിന് 2.22 രൂപയും ഡീസലിന് 57 പൈസയുമാണു സംസ്ഥാന നികുതി കുറച്ചത്.
രാജസ്ഥാനിൽ സംസ്ഥാന വാറ്റ് നികുതിയിൽ രണ്ടു ശതമാനം കുറവു വരുത്തിയതോടെ വിലയിൽ 1.21 മുതൽ 1.26 വരെ രൂപയുടെ കുറവുണ്ടായി.
പുതുച്ചേരിയിൽ വാറ്റ് രണ്ടു ശതമാനം കുറച്ചതോടെ പെട്രോളിന് 1.19 രൂപയും ഡീസലിന് 1.26 രൂപയും വില കുറഞ്ഞു.
ഇതോടെ മാഹിയിൽ പെട്രോളിന് തൊട്ടടുത്ത കണ്ണൂരിലെ വിലയേക്കാൾ 4.35 രൂപയുടെ കുറവുണ്ട്. ഡീസൽ ലിറ്ററിന് 3.58 രൂപയാണു മാഹിയിൽ കുറവ്.
കോവിഡും നീണ്ട ലോക്ക്ഡൗണും മൂലം ഉപഭോഗം കുറവായിരുന്നിട്ടും ഇന്ധന നികുതിയിൽ നിന്നുള്ള നടപ്പു സാന്പത്തിക വർഷത്തെ കേന്ദ്രസർക്കാരിന്റെ വരുമാനം നാലു ലക്ഷം കോടി രൂപയാകുമെന്നാണു പ്രതീക്ഷ. മുൻ വർഷത്തെ അപേക്ഷിച്ച് 82 ശതമാനം വർധനയാണിത്.
2022 സാന്പത്തിക വർഷം പെട്രോൾ, ഡീസൽ നികുതികളിൽ നിന്നു 4.3 ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. കാർഷിക വികസന സെസിനായി പിരിക്കുന്ന 49,000 കോടി രൂപ ഉൾപ്പെടെയാണിത്.
ധനമന്ത്രി നിർമല സീതാരാമന്റെ കഴിഞ്ഞ ബജറ്റിലെ രേഖകൾ അനുസരിച്ച് 2020ലെ ഇന്ധന നികുതി വരുമാനമായ 2.67 ലക്ഷം കോടിയുടെ സ്ഥാനത്ത് നടപ്പു വർഷം 3.61 ലക്ഷം കോടിയാണു വരുമാനം കണക്കാക്കിയിരിക്കുന്നത്.
എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വിൽപനയിലും വിലയിലും ഉണ്ടാകുന്ന വർധന കൂടി കണക്കാക്കുന്പോൾ ഈയിനത്തിലെ നികുതി വരുമാനം ബജറ്റിൽ പറയുന്നതിലും കൂടും.
ജോർജ് കള്ളിവയലിൽ