കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപ പിന്നിട്ട് സെഞ്ച്വറിയിലേക്ക് കുതിക്കുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ് രൂപയിലേക്ക് പെട്രോൾ വില എത്തിയേക്കും.
തിരുവനന്തപുരം ജില്ലയിലാണ് പെട്രോള്‍ വില 90 രൂപ മറികടന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 90.02 രൂപയായപ്പോള്‍ ഡീസല്‍ വില 84.31 രൂപയുമായി വര്‍ധിച്ചു.
ഇന്നു പെട്രോളിന് 29 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചതോടെയാണു ഇന്ധനവില പുതിയ ഉയരം തേടിയത്. തിരുവനന്തപുരത്തെ ഏതാനും ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില.
ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് ആനുപാതികമായാണു വിലവര്‍ധനയെന്ന് എണ്ണ കമ്പനികള്‍ അവകാശപ്പെടുമ്പോള്‍ നികുതികള്‍ വെട്ടികുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതും വന്‍ വിലവര്‍ധനവിനു കാരണമാകുന്നുണ്ട്.
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് വിവിധ സമരങ്ങള്‍ അരങ്ങേറുന്നതിനിടെയാണു ഇതൊന്നും ഗൗനിക്കാതെ ദിനംപ്രതി എണ്ണകമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതും.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്. നാലു ദിവസത്തിനിടെ മാത്രം പെട്രോളിന് 1.19 രൂപയും ഡീസലിന് 1.31 രൂപയും വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.41 രൂപയുടെയും ഡീസലിന് 4.72 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വെറും 43 ദിവസത്തിനിടെ മാത്രമാണ് ഇത്രയധികം വില വര്‍ധനവുണ്ടായിട്ടുള്ളത്. കൊച്ചിയില്‍ പെട്രോള്‍ വില 88.49 രൂപയിലേക്കെത്തിയപ്പോള്‍ ഡീസല്‍ വില 82.84 രൂപയുമായി. കോഴിക്കോടാകട്ടെ പെട്രോള്‍ വില 88.60 രൂപയും ഡീസല്‍ വില 82.7 രൂപയുമായി.